ജാഗ്രതാ നിർദേശം

Thursday 24 September 2020 9:56 PM IST

പത്തനംതിട്ട : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഫലമായി റീസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റിസർ വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാൽ, 2020 സെപ്തംബർ 21 മുതൽ 30 വരെയുള്ള കാലയളവിൽ റിസർവോയറിൽ സംഭരിക്കാൻ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് 976.91 മീറ്റർ ആണ്.

കക്കിആനത്തോട് റിസർവോയറിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റർ, 975.91 മീറ്റർ, 976.41 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ഷട്ടറുകൾ ഉയർത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നേക്കാമെന്നുള്ള സാഹചര്യത്തിൽ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കിൽ അധികൃതർ നിർദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.