ഭക്ഷ്യക്കിറ്റ് തുടരുന്നത് സംസ്ഥാനത്ത് ആരും പട്ടിണിയാകാതിരിക്കാൻ:മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവ മുഖേന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.നാട് പല മേഖലകളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പല പദ്ധതികളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 23302 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ്‌കുറുപ്പ് എം.എൽ.എ. ആദ്യകിറ്റ് വിതരണം ചെയ്‌തു. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷൻ കാർഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണത്തിനുള്ള ക്രമീകരണം. ഒക്ടോബർ 15നകം മുഴുവൻ കാർഡുകൾക്കും വിതരണം പൂർത്തിയാക്കും.