പൈപ്പ് പൊട്ടി : വെള്ളംകുടി മുട്ടിയിട്ട് മൂന്ന് വർഷം
പള്ളിക്കൽ : പള്ളിക്കലിലെ അഞ്ഞൂറോളം വീടുകളിൽ വാട്ടർ അതോറിറ്റിയുടെ ഗാർഹിക കുടിവെള്ള കണക്ഷനുണ്ടെങ്കിലും വെള്ളം കിട്ടിയിട്ട് മൂന്ന് വർഷമായി ! 2017 ആഗസ്റ്റിൽ ആനയടി മുതൽ പള്ളിക്കൽ പഞ്ചായത്ത് ഒാഫീസ് വരെയുള്ള ഭാഗത്തെ റോഡ് ടാർ ചെയ്തപ്പോൾ പൈപ്പ് പൊട്ടിയതാണ് വിനയായത്. അന്ന് അറ്റകുറ്റപ്പണിക്ക് വാട്ടർ അതോറിറ്റി ശ്രമിച്ചെങ്കിലും റോഡ് വെട്ടിപ്പൊളിക്കുന്നത് പൊതുമരാമത്ത് വകുപ്പ് അധികൃതർ തടഞ്ഞു. പിന്നീട് നടപടിയുണ്ടായതുമില്ല.
പുതിയ പദ്ധതിയിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ. പള്ളിക്കൽ പഞ്ചായത്ത് ഒാഫീസ് മുതൽ പഴകുളം വരെ കിഫ്‌ബി പദ്ധതിയുടെ ഭാഗമായി റോഡ് പണി നടക്കുകയാണ്. രണ്ട് വർഷമായി ഇവിടെ റോഡ് പൊളിച്ചിട്ടിട്ട്. റോഡിന്റെ ഒരു വശത്ത് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. ആനയടി മുതൽ കൂടൽ വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഒന്നിച്ചാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ഭരണാനുമതി ലഭ്യമായിട്ടില്ല. അടൂർ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ആനയടി വരെ പൈപ്പ് സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെയും ഭരണാനുമതിയായിട്ടില്ല. പള്ളിക്കൽ പഞ്ചായത്ത് ഓഫീസ് മുതൽ പഴകുളം വരെ ടാർ ചെയ്യുന്നതിന് മുമ്പ് പൈപ്പിടീൽ നടന്നെങ്കിലേ പിന്നീടൊരു വെട്ടിപ്പൊളിക്കൽ നടക്കാതിരിക്കു. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഒരു വശത്തും വാട്ടർ അതോറിറ്റി ഫണ്ട് ഉപയോഗിച്ച് മറുവശത്തും പൈപ്പിടുന്നതിനാൽ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. റോഡിന്റെ നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ കുടിവെള്ളം കിട്ടാൻ ഇനി എത്ര നാൾ കാത്തിരിക്കണമെന്നതാണ് നാട്ടുകാരുടെ ആശങ്ക.
പൈപ്പ് പൊട്ടിയത് - 2017 ആഗസ്റ്റിൽ
തടസം- - റോഡ് വെട്ടിപ്പൊളിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ്
പ്രതീക്ഷ- പുതിയ പദ്ധതികൾ
'' പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നതിന് മുൻഗണന നൽകണം. പള്ളിക്കൽ ഭാഗത്ത് കുടിവെള്ളമെത്തിക്കേണ്ട ആറാട്ട് ചിറകുടിവെള്ള പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല. വേനലായാൽ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.''
തോപ്പിൽ ഗോപകുമാർ,
െക.പി.സി.സി എക്സിക്യൂട്ടീവ് അംഗം
'' ഹൈസ് കൂൾ ജംഗ്ഷൻ മുതൽ ആനയടി വരെയുള്ള ഭാഗത്ത് പൈപ്പ് സ്ഥാപി ക്കു ന്നതിന് തീരുമാനമായിട്ടുണ്ട്. ഉടൻ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.''
അസി: എൻജിനീയർ, വാട്ടർ അതോറിറ്റി .
നെടുമ്പ്രത്ത് 105 പേർക്ക് കുടിവെള്ള കണക്ഷൻ
തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയിൽ 105 പേർക്ക് കുടിവെള്ള കണക്ഷൻ നൽകും. ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. കൊവിഡ് പശ്ചത്താലത്തിൽ ഗ്രാമസഭകൾ ചേർന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിനാൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വികസനസമിതി മുഖേനയാണ് ഗുണഭോക്തക്കളെ കണ്ടെത്തിയത്. പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച 105 പേരുടെ ഗുണഭോക്തൃ ലിസ്റ്റ് വാട്ടർ അതോറിറ്റിക്ക് കൈമാറി. വാട്ടർ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ഉള്ള സ്ഥലത്തു നിന്ന് പരമാവധി 50 മീറ്റർ ദൂരപരിധിയിലുള്ള വീടുകൾക്ക് കണക്ഷൻ നൽകുന്നതാണ് പദ്ധതി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു.