എം.സി.ഖമറുദ്ദീനെതിരെ കടുപ്പിച്ച് സി.പി.എമ്മും ബി.ജെ.പിയും

Friday 25 September 2020 12:16 AM IST

കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുന്നു. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചനക്കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായതോടെ, എം.എൽ.എയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി.

പാർട്ടിക്കാരനായ എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ, കാസർകോട് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി ബഷീറിനെതിരെ മറ്റൊരാരോപണമുയർന്നതും മുസ്ലീം ലീഗിന് തലവേദനയായിട്ടുണ്ട്.തൃക്കരിപ്പൂരിലെ സ്വകാര്യ കോളേജിനായി 15 കോടിയോളം രൂപ പിരിച്ചെടുത്ത് വഞ്ചിച്ചതായി ആരോപിച്ച് ബഷീറിനെതിരെ കെ.എം.സി. സി നേതാവ് നൗഷാദ് രംഗത്തു വന്നു. 20 ലക്ഷം രൂപ നൽകിയതിന് ഏഴ് വർഷമായിട്ടും യാതൊരു രേഖയും ബഷീർ നൽകിയില്ലെന്നും 80 ഓളം ആളുകളിൽ നിന്നായി ലക്ഷങ്ങൾ പിരിച്ചിട്ടുണ്ടെന്നും നൗഷാദ് ആരോപിക്കുന്നു. എം.സി ഖമറുദ്ദീൻ ചെയർമാനും എ.ജി.സി ബഷീർ ട്രഷററുമായ ട്രസ്റ്റാണ് ഈ കോളേജ് നടത്തുന്നത്. ലീഗ് നേതാവ് വി.കെ. ബാവ സെക്രട്ടറിയും അബ്ദുൾ ജബ്ബാർ മാനേജരുമാണ്. ഏഴ് വർഷമായിട്ടും കോളേജ് വാടക കെട്ടിടത്തിലാണ്. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഇതുവരെയും കോളേജിന് അഫിലിയേഷൻ നീട്ടി നൽകുകയായിരുന്നു.