കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്തിയ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
പാറശാല: കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലുള്ള യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ലാങ്കാല വീട്ടിൽ ശാലു (26) ആണ് അറസ്റ്റിലായത്. പാറശാല ഗ്രാമ പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ കൊവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ ഫാർമസി കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന യുവതിയുടെ നഗ്ന ചിത്രമാണ് ഇവിടെ ചികിത്സയിലുള്ള ഇയാൾ പകർത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും ക്വാറന്റൈൻ കാലാവധി പൂർത്തിയാകാത്തതിനാൽ കേന്ദ്രത്തിൽ തന്നെ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് യുവതി കുളിക്കുന്നതിനിടെയാണ് സംഭവം. ചിത്രങ്ങൾ യുവാവ് മൊബൈലിൽ പകർത്തിയതായി യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് കേന്ദ്രത്തിലെ ഡോക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് യുവതിയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ചികിത്സയിൽ തുടരവെയാണ് ചികിത്സ കഴിഞ്ഞ് നെഗറ്റീവാണെന്ന് ഫലം അറിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിന്റെ സാഹസം.