പാഴ്സൽ കടത്ത് : സി-ആപ്‌റ്റ് വാഹനത്തിലെ ജിപിഎസിൽ അട്ടിമറി

Friday 25 September 2020 12:00 AM IST

ക്ലൗഡിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് എത്തിച്ച പാഴ്സലുകൾ സർക്കാർ സ്ഥാപനമായ സി-ആപ്‌റ്റ് അനധികൃതമായി മലപ്പുറത്ത് കൊണ്ടുപോയ സംഭവത്തിൽ അട്ടിമറി സംശയിച്ച് എൻ.ഐ.എ.

മലപ്പുറത്തേക്കുള്ള സി-ആപ്‌റ്റ് വാഹനത്തിലെ ജി.പി.എസിന്റെ പ്രവർത്തനം നിറുത്തിയത്‌ ബോധപൂർവമെന്നാണ് നിഗമനം. വാഹനത്തിലുള്ള കണക്ഷൻ വിച്ഛേദിച്ചാലും ആറു മണിക്കൂർ ജി.പി.എസ്. പ്രവർത്തിക്കും. സി-ആപ്‌റ്റിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ക്ലൗഡ് സെർവറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് എൻ.ഐ.എ ശ്രമം.സി-ആപ്‌റ്റിലെ വാഹനത്തിൽ കളളക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സി-ആപ്‌റ്റിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.

തൃശൂരിലെത്തിയ ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ്. പ്രവർത്തനരഹിതമായത്. തുടർന്ന് വാഹനം ട്രാക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. ജി.പി.എസ്.സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും എൻ.ഐ.എ. കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

സി-ആപ്‌റ്റിലെ നാലു വാഹനങ്ങളിൽ കെൽട്രോണാണ് ജി.പി.എസ്. സംവിധാനം 2017ൽ ഘടിപ്പിച്ചത്. ഇതുവരെ ഒരു തകരാറും സംഭവിച്ചിട്ടില്ല. തൃശ്ശൂരിലെത്തിയശേഷം ജി.പി.എസ്. പ്രവർത്തനരഹിതമായതിനെക്കുറിച്ച് സി-ആപ്‌റ്റിൽ അന്വേഷണമുണ്ടായിട്ടുമില്ല. തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ വാഹനങ്ങളിലെ ജി.പി.എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക തികവോടെയാണ് കെൽട്രോൺ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. സീൽ ചെയ്ത കവറിലാണ്സൂക്ഷിച്ചിരിക്കുന്നത്. ബാ​റ്ററി ചാർജ് വാഹനത്തിന്റെ ബാ​റ്ററിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. വാഹനത്തിൽനിന്നുളള ബന്ധം വിച്ഛേദിച്ചാലും ജി.പി.എസിലെ ബാ​റ്ററി ആറുമണിക്കൂറോളം പ്രവർത്തിക്കും.

ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെർവറിലാണ്‌ ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെർവറിൽ നിന്ന് ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും.. കെൽട്റോണിന്റെയും സി-ഡാക്കിന്റെയും സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം.