ക്ലീൻ ചിറ്റ് അകലെ; ശിവശങ്കറിന് സ്വപ്നയുമായി കൂടുതൽ പണം ഇടപാട്

Thursday 24 September 2020 10:49 PM IST

 ശിവശങ്കറിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ചു

 ശിവശങ്കറിനെയും സ്വപ്‌നയെയും ഒരേസമയം രണ്ട് മുറികളിൽ ചോദ്യം ചെയ്‌തു

 സ്വപ്നയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് കൂടുതൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചന.

സ്വപ്നയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുട‌െ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ) ഇന്നലെ ശിവശങ്കറിനെ എട്ട‌ര മണിക്കൂർ ചോദ്യം ചെയ്തതിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ചോദ്യം ചെയ്‌ത് വിട്ടയച്ചെങ്കിലും ക്ളിൻചിറ്റ് നൽകിയിട്ടില്ല. എന്നാൽ അറസ്റ്റിനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന.

സ്വപ്നയെയും ശിവശങ്കറിനെയും രണ്ടു മുറികളിൽ വീഡിയോ കോൺഫറൻസിലൂടെ ഒരേ സമയം ചോദ്യം ചെയ്യുകയായിരുന്നു. 41 ചോദ്യങ്ങളാണ് ഇരുവരോടും ഒരേ സമയം ചോദിച്ചത്.

നേരത്തെ മൂന്നു ദിവസങ്ങളിലായി ഇരുപത്തിനാലര മണിക്കൂർ ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞ പലതും പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരുന്നു. അതോടെയാണ് സ്വപ്നയ്‌ക്കൊപ്പം ചോദ്യം ചെയ്യാനായി എൻ.ഐ.എ ചടുല നീക്കത്തിൽ ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്. സ്വപ്‌നയുമായുള്ള കൂടുതൽ സാമ്പത്തിക ഇ‌ടപാടുകൾ, യു.എ.ഇയിലേക്കുള്ള യാത്രകൾ, ലൈഫ് പദ്ധതിയുടെ കാര്യങ്ങൾ എന്നിവയിലാണ് ചില വിവരങ്ങൾ ശിവശങ്കർ മറച്ചുവച്ചതും തെറ്റിദ്ധരിപ്പിച്ചതും.

സ്വപ്ന, സന്ദീപ് നായർ എന്നിവരു‌ടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് മായിച്ച് കളഞ്ഞ വിവരങ്ങൾ സി - ഡാക്ക് വീണ്ടെടുത്തതാണ് വഴിത്തിരിവായത്. ഈ ഡിജിറ്റൽ തെളിവുകളിൽ,​ സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ ചാറ്റിൽ നിന്നാണ് കൂടുതൽ സാമ്പത്തിക ഇടപാടുകളുടെയും ലൈഫ് പദ്ധതിയിലെ കമ്മിഷന്റെയും വിവരങ്ങളും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലു ദിവസമായി സ്വപ്‌നയെ എൻ.ഐ.എ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുകയായിരുന്നു. സ്വപ്‌നയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 ഒന്നാം ഘട്ടം

തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്‌ളബ്ബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു പ്രാഥമിക ചോദ്യം ചെയ്യൽ. അത് അഞ്ചു മണിക്കൂർ നീണ്ടു. ജൂലായ് 27 ന് കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നോട്ടീസ്.

 രണ്ടാം ഘട്ടം

കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ. ഇടയ്ക്ക് അഭിഭാഷകനെ കാണണമെന്ന് ആവശ്യം. ചോദ്യം ചെയ്യലിനുശേഷം ആകാമെന്ന് അന്വേഷണ സംഘം. അഭിഭാഷകന്റെ ഓഫീസിനു മുന്നിലെത്തിയെങ്കിലും മാദ്ധ്യമങ്ങളെ കണ്ടതോടെ മടങ്ങി. പിറ്റേന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ്.

 മൂന്നാം ഘട്ടം

ചോദ്യം ചെയ്യൽ പത്തര മണിക്കൂർ. യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിക്കാത്തതിനാൽ ശിവശങ്കറിനെ വിട്ടയച്ചു.

 നാലാം ഘട്ടം

ഇന്നലെ കൊച്ചി ഓഫീസിൽ എട്ടര മണിക്കൂർ. രാവിലെ 11.30 മുതൽ രാത്രി 8 വരെ.