എൻജിനീയറിംഗ് പ്രവേശനപരീക്ഷയിൽ കെ.എസ്. വരുണിന് ഒന്നാം റാങ്ക്
ആദ്യപത്ത് റാങ്കിൽ ഒൻപതും ആൺകുട്ടികൾക്ക്
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ പത്ത് റാങ്കുകളിൽ ഒൻപതും ആൺകുട്ടികൾ കരസ്ഥമാക്കി. കോട്ടയം അബാദ് റോയൽ ഗാർഡൻസ് ഫ്ളാറ്റ് 7 എച്ചിൽ കെ.എസ്. വരുണിനാണ് ഒന്നാം റാങ്ക് (മാർക്ക് 600ൽ 593.6776).
കോട്ടയം തെള്ളകം സ്വദേശിയും ഏരിയസ് ഗ്രൂപ്പ് ഡയറക്ടറുമായ ഷിബുരാജിന്റെയും എം.ജി.യൂണി. അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ബിന്ദുവിന്റെയും മകനാണ്.
കണ്ണൂർ മാതമംഗലം കണ്ടന്താർ ഗോകുലത്തിൽ ടി.കെ. ഗോകുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക് (591.9297).റെയിഡ് കോ കേരള ലിമിറ്റഡിലെ ജീവനക്കാരനായ ടി.കെ. ഗോവിന്ദന്റെയും രാമമംഗലം ഗവ. ഹൈസ്കൂളിലെ അദ്ധ്യാപികയായ എം.കെ. സുപ്രിയയുടെയും മകനാണ്.
കൊണ്ടോട്ടി കൊട്ടക്കര പി.പി.എം ഹൈസ്കൂൾ അദ്ധ്യാപകൻ മലപ്പുറം നെടിയിരിപ്പ് മുസ്ളിയാരങ്ങാടി തയ്യിൽ ഹൗസിൽ പി.ജമാലുദ്ദീന്റെയും വി. ഹഫ്സത്തിന്റെയും മകൻ പി.നിയോസ് മോനാണ് മൂന്നാം റാങ്ക്. (585.4389)
കൊല്ലം വെട്ടിലത്താഴം ഡീസന്റ് ജംഗ്ഷൻ മേലേമഠത്തിൽ ആദിത്യ ബൈജു നാലാം റാങ്കും നേടി. കെ.എസ്. ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ബൈജുവിന്റെയും ഡോ.നിഷ എസ്. പിള്ളയുടെയും മകനാണ്.
എസ്.സി. വിഭാഗത്തിൽ എം.ജെ. ജഗന് ഒന്നാം റാങ്ക്
എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ കൊട്ടാരക്കര നീലേശ്വരം സായ് വിഹാറിൽ എം.ജെ ജഗൻ ഒന്നാം റാങ്കും കണ്ണൂർ ഡിഫൻസ് സിവിലിയൻ ഹെഡ് ക്വാർട്ടേഴ്സിൽ നീമ പി. മണികണ്ഠൻ രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തിൽ കോട്ടയം മേലേക്കാവ് മറ്റം കുന്നുംപുറത്ത് ഹൗസിൽ അശ്വിൻ സാം ജോസഫ് ഒന്നാം റാങ്കും കാസർകോട് ഗുരുനഗർ പ്രസാദ് നിലയത്തിൽ ബി. പവനിത രണ്ടാം റാങ്കും നേടി.
ഫാർമസി
ഫാർമസിയിൽ തൃശൂർ ചൊവ്വന്നൂർ കൊടുവായൂർ പണ്ടിയാറ്റ് ഹൗസിൽ അക്ഷയ് കെ.മുരളീധരൻ ഒന്നാം റാങ്കും കാസർകോട് പരപ്പ മൺകോട്ടയിൽ ജോയൽ ജയിംസ് രണ്ടാം റാങ്കും നേടി. മന്ത്രി കെ.ടി.ജലീൽ ഓൺലൈനിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്.
ഓപ്ഷൻ 29 മുതൽ
- ഈ മാസം 29 മുതൽ ഓപ്ഷൻ സമർപ്പിക്കാം.
- ഒരാഴ്ച കഴിഞ്ഞ് അലോട്ട്മെന്റ് തുടങ്ങും.
- ഈ വർഷം 27 പുതിയ കോഴ്സുകൾ
- ആളില്ലാത്ത കോഴ്സുകൾ റദ്ദാക്കിയിട്ടുണ്ട്