ചന്ദ്രബോസ് വധം: അബ്ദുൾ നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി അബ്ദുൾ നിസാം നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു. ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് തള്ളിയത്.
ചികിത്സയ്ക്കായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തടവുശിക്ഷ സസ്പെൻഡ് ചെയ്ത് ഇയാൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് രണ്ടു തവണ നിസാം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നീട്ടി. പിന്നീട് ഹൈക്കോടതി ജാമ്യം നൽകിയില്ല. ഇത് ചോദ്യം ചെയ്താണ് നിസാം സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്ക് മാനസിക പ്രശ്‌നങ്ങൾ അടക്കം ഗുരുതരമായ രോഗങ്ങൾ ഉണ്ടെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരാഴ്ച ജാമ്യം അനുവദിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്റെ എതിർപ്പിനെ തുടർന്ന് കോടതി നിരസിച്ചു. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ഒരു ദിവസംപോലും ജാമ്യം അനുവദിക്കാനാവില്ലെന്ന് അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സുരേഷ് ബാബു തോമസിന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി.