കേന്ദ്രം കർഷകരെ അടിച്ചമർത്തുന്നു: താരിഖ് അൻവർ

Thursday 24 September 2020 11:28 PM IST

തിരുവനന്തപുരം: വിവാദമായ കാർഷികബില്ലുകളിൽ കേന്ദ്രം കർഷകരെ വിശ്വാസത്തിലെടുത്തില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകശബ്ദം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ബില്ലുകൾ പാർലമെന്റിലെത്തും മുമ്പ് കർഷകരുമായോ രാഷ്ട്രീയപാർട്ടികളുമായോ കൂടിയാലോചിച്ചില്ല. വോട്ടെടുപ്പില്ലാതെയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

വിയോജിക്കുന്നത് ഒരാളായാലും അതും പരിഗണിക്കുകയാണ് ജനാധിപത്യ കീ‌ഴ്‌വഴക്കം.

ഭൂമിയേറ്റെടുക്കൽ നിയമത്തിനെതിരെ ഉയർന്നത് പോലുള്ള ശക്തമായ പ്രതിഷേധം കർഷകബില്ലിനെതിരെയും ഉയർത്തും. കർഷകബില്ലിൽ കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്കെതിരായ സി.പി.എം നേതാക്കളുടെ വിമർശനം അർത്ഥമില്ലാത്തതാണ്. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രവർത്തനം ശക്തമാണ്. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കോഴ ഉൾപ്പെടെ സംസ്ഥാന സർക്കാരിനെതിരായുള്ള ആരോപണങ്ങളെല്ലാം ഗൗരവതരമാണ്. ജനങ്ങൾ അതേപ്പറ്റി ബോധവാന്മാരാണ്.

നേതൃത്വവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ പരാതികളെല്ലാം പരിഹരിച്ചു. സോണിയ ഗാന്ധി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സമയമെടുക്കും. കൃത്യസമയത്ത് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും താരിഖ് അൻവർ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറിയായ ശേഷം താരിഖ് അൻവർ ആദ്യമായാണ് ഇവിടെ എത്തുന്നത്. കെ.പി.സി.സി ആസ്ഥാനത്തെ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ സ്വീകരിച്ചു.

ദേശീയപ്രക്ഷോഭം

ക‌ർഷക ബില്ലിനെതിരെ നാളെ (26) കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബില്ലിനെതിരെ പ്രചാരണം നടത്തും. 28ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തി ഗവർണർമാർക്ക് നിവേദനം നൽകും. ഒക്ടോബർ രണ്ടിന് ജില്ലാ, നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ധർണ. പത്തിന് സംസ്ഥാനതലങ്ങളിൽ കർഷകസംഗമം. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും രണ്ട് കോടി ഒപ്പുകൾ ശേഖരിച്ച് നവംബർ 14ന് ഭീമഹർജിക്കൊപ്പം രാഷ്ട്രപതിക്ക് സമർപ്പിക്കും.