പാളയം പച്ചക്കറി മാര്‍ക്കറ്റ് ഒക്ടോ. 1 ന് തുറക്കും

Friday 25 September 2020 12:18 AM IST

കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിടേണ്ടിവന്ന നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം പച്ചക്കറി മാര്‍ക്കറ്റ് സെപ്തംബര്‍ 30 വരെ തുറക്കില്ല. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അതുവരെ പ്രവേശനമുണ്ടാകില്ല. ഒക്ടോബർ ഒന്നിന് മാർക്കറ്റ് തുറക്കും.

നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുമുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി വരുന്ന വണ്ടികള്‍ വേങ്ങേരി തടമ്പാട്ട്താഴത്തെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിലാണ് ലോഡ് ഇറക്കുക.

പാളയം മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുവിമുക്തമാക്കും. കൊവിഡ് പരിശോധനയ്ക്ക് വിധേയരായി രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമെ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കൊവിഡ് പരിശോധന നടത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.