എം.സി റോഡിൽ അപകടങ്ങളെ പമ്പകടത്തും 24 മണിക്കൂറും പട്രോളിംഗിന് 13 വാഹനങ്ങൾ

Friday 25 September 2020 11:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും അപകടസാദ്ധ്യതയേറിയ മെയിൻ സെന്റർ റോഡിനെ (എം.സി റോഡ്) അപകടമുക്തമാക്കി സേഫ് കോറിഡോർ ആക്കാനൊരുങ്ങി പൊലീസും മോട്ടോർ വാഹന വകുപ്പും. ഇതിന്റെ ഭാഗമായി 13 എൻഫോഴ്സ്‌മെന്റ് വാഹനങ്ങളാണ് പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമായി സർക്കാർ വാങ്ങിയത്. തിരക്കേറിയ റോഡുകളെ അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ 146.67 കോടി ചെലവിട്ടുള്ള പദ്ധതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സേഫ് ആകും യാത്ര

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ ഭാഗമായി ലോകബാങ്കിന്റെ സഹായത്തോടെ ചലഞ്ച് ഫണ്ടിന്റെ രണ്ടാംഘട്ടമായാണ് എം.സി റോഡിൽ തിരുവനന്തപുരത്ത് നിന്ന് അടൂർ വരെയുള്ള 80 കിലോമീറ്റർ ദൂരം സേഫ് കോറിഡോർ ആക്കി മാറ്റുന്നത്. ഈ റൂട്ടിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹനങ്ങൾ 24 മണിക്കൂറും പട്രോളിംഗ് നടത്തും. സേഫ് കോറിഡോർ മേഖലയിൽ അപകടങ്ങളുണ്ടായാൽ സ്ഥലത്ത് ആദ്യം എത്തുക ഈ പട്രോളിംഗ് സംഘമായിരിക്കും. ഇതോടൊപ്പം ആംബുലൻസ് സേവനങ്ങളും ഉറപ്പുവരുത്തും.

13 വാഹനങ്ങൾ, 89 ലക്ഷം

സേഫ് കോറിഡോറിലെ ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായി ഒമ്പത് മഹീന്ദ്ര മറാസോ വാഹനങ്ങളും ആറ് ബുള്ളറ്റുകളുമാണ് സർക്കാർ വാങ്ങിയത്. ഇതിനായി 89.12 ലക്ഷം രൂപ ചെലവിട്ടു. ഇവയിൽ ഒമ്പത് മറാസോ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പും ശേഷിക്കുന്നവ പൊലീസും ഉപയോഗിക്കും. ബുള്ളറ്റുകൾ നാലും പൊലീസ് ആയിരിക്കും ഉപയോഗിക്കുക. ബുള്ളറ്റിൽ രണ്ട് പൊലീസുകാർ വീതം ഉണ്ടായിരിക്കും.