വ്യാപനം തടയാൻ കടുത്ത നിയന്ത്രണം വേണ്ടി വരും: മന്ത്രി എ.കെ.ശശീന്ദ്രൻ

Saturday 26 September 2020 12:44 AM IST
കോഴിക്കോട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിൽ ഗതാഗത മന്ത്രി എ. കെ.ശശീന്ദ്രൻ സംസാരിക്കുന്നു

കോഴിക്കോട്: കൊവിഡ് വ്യാപനം വല്ലാതെ കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രതയും കടുത്ത നിയന്ത്രണവും അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കളക്ടറേറ്റിൽ വിളിച്ചു ചേർത്ത അലോകന യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ ഇതുവരെയുളള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4. 37 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ രണ്ട് ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയില്ലെങ്കിൽ ഈ നിരക്ക് ഇനിയും കൂടിയേക്കും.

കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ അവശ്യമരുന്നുകൾക്കു പുറമെ ഓക്‌സിജൻ സിലിൻഡറുകൾ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ 5, 000 കിടക്കകളാണ് ചികിത്സയ്ക്ക് സജ്ജമാക്കിയിട്ടുള്ളത്. ഇത് ഏഴായിരമായി ഉയർത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായവരിൽ രോഗലക്ഷണങ്ങളില്ലാത്തവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേകം എഫ്.എൽ.ടി.സി.കൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടങ്ങളിലേക്ക് പരിഗണിക്കുക.

അവലോകന യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്ജ്, റൂറൽ എസ്.പി ഡോ.എസ്.ശ്രീനിവാസ്, സബ് കലക്ടർ ജി.പ്രിയങ്ക, ആർ.ഡി. ഒ അബ്ദുറഹ്‌മാൻ, അസി.കലക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഇ.നവീൻ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.