ആനത്തോട് ഡാം ഷട്ടറുകൾ ഇന്ന് തുറക്കും

Friday 25 September 2020 10:00 PM IST

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ 10 മുതൽ തുറന്നുവിടും. ഷട്ടറുകൾ 25 സെന്റീ മീറ്റർ വീതം ഉയർത്തി പരമാവധി 25 ക്യുമെക്‌സ് എന്ന തോതിൽ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കിവിടും. പുറത്തേക്ക് ഒഴുക്കുന്ന വെള്ളം പമ്പാനദിയിലൂടെ എട്ടു മണിക്കൂറിനു ശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളിൽ എത്തും. പമ്പാ നദിയിൽ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ. അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാൻ കഴിയും.


കക്കി ആനത്തോട് റിസർവോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ്. റിസർവോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 974.91 മീറ്റർ, 975.91 മീറ്റർ, 976.41 മീറ്റർ എന്നിവയിൽ എത്തിച്ചേരുമ്പോഴാണ്. വെള്ളത്തിന്റെ അളവ് 976.91 മീറ്റർ എത്തിച്ചേരുന്ന മുറയ്ക്കാണ് ഇന്ന് രണ്ടു ഷട്ടറുകൾ ഉയർത്തുന്നത്.


'' ഷട്ടറുകൾ ഉയർത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നേക്കാം. നദികളുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങരുത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമായി വന്നാൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണം.

പി.ബി.നൂഹ്, ജില്ലാ കളക്ടർ.