വരുന്നു... പറക്കോട് എക്‌സൈസ് കോംപ്ലക്‌സ്

Friday 25 September 2020 10:03 PM IST

പത്തനംതിട്ട : പറക്കോട്ടെ എക്‌സൈസ് കോംപ്ലക്‌സിന്റെ നിർമ്മാണം പുരോഗമിക്കുന്നു. എക്‌സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നതിനാണ് 12000 ചതുരശ്ര അടിയിലുള്ള ഇരു നില കെട്ടിടത്തിന്റെ നിർമ്മാണം.സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി എൺപത് ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിൽ കെട്ടിടത്തിന്റെ 60 ശതമാനം പണികളും പൂർത്തീകരിച്ചു. ഇരുനില കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റിംഗ് കഴിഞ്ഞശേഷം ഭിത്തി സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പ്ലംബിംഗ്, വയറിംഗ് പണികൾ ഉടൻ തുടങ്ങും. 2019 ജൂൺ 27നാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2021 ഫെബ്രുവരിയിൽ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാർക്ക് വിശ്രമ സൗകര്യം, പ്രതികൾക്കുള്ള ലോക്കപ്പ്, കോൺഫറൻസ് ഹാൾ, തൊണ്ടി സാധനം സൂക്ഷിക്കാനുള്ള മുറി സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. അടൂരിലെ എക്‌സൈസ് ഓഫീസ് വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം പണി പൂർത്തിയാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും സൗകര്യമുള്ള എക്‌സൈസ് ഓഫീസായി പറക്കോട് എക്‌സൈസ് കോംപ്ലക്‌സ് മാറും.

---------

ചെലവ് 2.80 കോടി