പെൻസിലിൽ വനിതാ സൈനികരുടെ പേര്; ഇരട്ട റെക്കാഡുമായി അമൽ

Saturday 26 September 2020 12:45 AM IST

തൃശൂർ: കാർഗിൽ യുദ്ധഭൂമിയിൽ നിന്ന് പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ പറത്തിയ, വ്യോമസേനയുടെ വനിതാ പൈലറ്റ് ഗുഞ്ജൻ സക്സേന അടക്കം 15 ധീര വനിതാസൈനികരുടെ പേര് പെൻസിൽ ലെഡിൽ കൊത്തിയ അമൽ ലിയോ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിലും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിലും ഒരേസമയം ഇടം പിടിച്ചു.

മൂന്ന് സേനകളിലേയും വനിതാരത്നങ്ങളുടെ ധീരത മനസിലുണ്ടായിരുന്നു. പെൻസിൽ കാർവിംഗ് ആവേശമായപ്പോൾ അവരുടെ പേര് കൊത്താനായി മോഹം. അധികൃതർക്ക് അപേക്ഷ അയച്ചു. സമ്മതം കിട്ടി. പതിനഞ്ച് പെൻസിലിലും പേര് കൊത്തുന്നതിന്റെ വീഡിയോ പകർത്തി. നേവിയുടെ കപ്പലായ ഐ.എൻ.എസ്.വി. തരിണിയിലെ വനിതാസംഘം എന്നാണ് പതിനാറാമത്തെ പെൻസിലിൽ എഴുതിയത്.

നാല് ദിവസം കൊണ്ട് പൂർത്തിയായി. വീഡിയോ അയച്ച് ഒരാഴ്ചയ്ക്ക് ശേഷം റെക്കാഡ് വിവരം ഇ മെയിലിൽ ലഭിച്ചു. അങ്ങനെ കൊവിഡ് കാലം അമൽ സഫലമാക്കി.

വടക്കാഞ്ചേരി മുളളൂർക്കര കമ്പനിപ്പടി റോസ്ഭവനിൽ ബിസിനസുകാരനായ ലിയോയുടെയും ലീലയുടെയും മകനും തൃശൂർ കോ-ഓപറേറ്റീവ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയുമാണ്.

 ലെഡിലെ മറ്റ് പേരുകൾ

പുനീത അറോറ, സോഫിയ ഖുറേഷി, പ്രിയ ജിംഗൻ, മിഥാലി മധുമിത, ദിവ്യ അജിത് കുമാർ, നിവേദിത ചൗധരി, അഞ്ജന ഭാദുരിയ, പ്രിയ സെംവാൾ, ദീപിക മിശ്ര, അവനി ചതുർവേദി, ശാന്തി ടിഗ്ഗ, ഗനേ ലാൽജി, ഹരിത കൗർ ഡിയോൾ, പദ്മാവതി ബന്ദോപാദ്ധ്യായ

 ക്ഷമയും സൂക്ഷ്മതയും

ഒരു മണിക്കൂറോളം വേണം ഒരു പെൻസിലിൽ പേര് കൊത്താൻ. സാധാരണ പെൻസിലിനേക്കാൾ വലിപ്പമുളള ആർട്ട് ലൈൻ പെൻസിലിന്റെ തടി മാറ്റി ലെഡ് ചതുരത്തിലാക്കി സർജിക്കൽ ബ്ളേഡ് കൊണ്ടാണ് കൊത്തുക. ക്ഷമയും സൂക്ഷ്‌മതയും പ്രധാനമാണ്. സ്വയം പരിശീലിച്ചതാണ്. ഗുരുദേവന്റെ ദൈവദശകം പെൻസിൽ മുനമ്പിൽ കൊത്തി പെരുമ്പാവൂർ അശമന്നൂർ സ്വദേശി അജിത് എം. ജയൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയതും പ്രചോദനമായി.

'സേനയിലെ ശ്രദ്ധേയരായ വനിതകളുടെ പേര് കൊത്തണമെന്ന് മോഹമായിരുന്നു. മൈക്രോ ആർട്ടിൽ മുമ്പ് പരീക്ഷണം നടത്തിയിരുന്നു".

- അമൽ