കൊവിഡ് രോഗികൾക്ക് പരീക്ഷ എഴുതാൻ നിർദ്ദേശങ്ങളുമായി പി.എസ്.സി.
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി. പരീക്ഷ എഴുതുന്നതിനുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. പോസിറ്റീവായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ മെയിലിൽ മുൻകൂട്ടി അപേക്ഷ നൽകണം.കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാലേ പരീക്ഷ എഴുതുവാൻ അനുവദിക്കൂ. ഇവർ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതണം.കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കണം.
പി.എസ്.സി റാങ്ക് ലിസ്റ്റ്: നിയമസഭാ സമിതി യോഗം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമസഭ യുവജനകാര്യ യുവജനക്ഷേമ സമിതി ഒക്ടോബർ 7ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തിൽ യോഗം ചേരും. വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കുന്നതിന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ സഹിതം ഈ മാസം 30 ന് വൈകിട്ട് 4 ന് മുൻപ് yac@niyamasabha.nic.inn ൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 04712512151, 2512430, 2512431, 2512423.