പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

Saturday 26 September 2020 12:57 AM IST

ന്യൂഡൽഹി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസതിച്ചു. സി.ബി.ഐ അന്വേഷണം പുരോഗമിച്ചാൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീ കോടതി,​ നിലപാട് അറിയിക്കാൻ സി. ബി. ഐക്ക് നോട്ടീസയച്ചു.

നാല് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

പതിനൊന്ന് മാസം മുമ്പ് തന്നെ സി. ബി. ഐ.കേസ് ഏറ്റെടുത്തതായി കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ രമേശ് ബാബുവും കോടതിയെ അറിയിച്ചു.

സി.ബി.ഐ അന്വേഷിക്കേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസല്ല പെരിയ കേസെന്ന്

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡിഷണൽ സോളിസിസ്റ്റർ ജനറൽ മനീന്ദർ സിംഗ് വാദിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയതാണ്. അന്വേഷണ സംഘത്തെ കുറിച്ച് പരാതി ഇല്ലായിരുന്നു. ആ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ തുടരന്വേഷണം നിർദ്ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും മനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. ചില സാക്ഷികൾ പട്ടികയിൽ ഇല്ലെന്നത് മാത്രമാണ് പരാതിയെന്ന് സ്റ്റാൻഡിംഗ് കൗൺസൽ ജി. പ്രകാശും അഭിഭാഷകൻ ജിഷ്ണുവും വാദിച്ചു.