ഐസിസുമായി ബന്ധമെന്ന് സംശയം; നാലു കാസർകോട്ടുകാരെ യു.എ.ഇ നാടുകടത്തി

Saturday 26 September 2020 12:00 AM IST

കാസർകോട്: ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ നാലുപേരെ യു.എ.ഇ നാടുകടത്തി. യു.എ.ഇയിൽ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ള 9 കാസർകോട് സ്വദേശികളിൽ പെട്ടവരാണിവർ.

കരിപ്പൂർ വിമാനത്താവളം വഴി നാലുപേരെയും നാട്ടിലെത്തിച്ചു. ഇവരുടെ പാസ്‌പോർട്ട് എൻ.ഐ.എ പിടിച്ചുവച്ചിരിക്കുകയാണ്. എന്നാൽ ഇവർക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിക്കോട് കൊവിഡ് ഫസ്​റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവാക്കൾ കഴിഞ്ഞ ദിവസം തങ്ങളുടെ താമസസ്ഥലത്ത് തിരിച്ചെത്തി.

കാബൂളിലെ ഗുരുദ്വാരയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി സംശയിക്കപ്പെടുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻ.ഐ.എ കണ്ടെത്തിയ പടന്ന സ്വദേശി ഡോ. ഇജാസ് എന്നിവരുമായി സൗഹൃദം പുലർത്തിയതിനാണ് യു.എ.ഇ പൊലീസ് 9 മലയാളികളെ പിടികൂടിയത്.