ഐസിസിൽ ചേർന്ന സുബഹാനി ഹാജ കുറ്റക്കാരനെന്ന് എൻ.ഐ.എ കോടതി

Saturday 26 September 2020 12:00 AM IST

കൊച്ചി: ഐസിസിൽ ചേർന്ന് ഇറാക്കിനെതിരെ യുദ്ധം ചെയ്‌ത കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീൻ (34) കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. ഇന്ത്യയുമായി സഖ്യത്തിലുള്ള രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നാരോപിച്ച് ഒരിന്ത്യൻ പൗരനെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. 2015 ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് സുബഹാനി ഐസിസിൽ പ്രവർത്തിച്ചത്. തുർക്കി വഴിയാണ് ഇയാൾ ഇറാക്കിലെത്തിയത്. തുടർന്ന് സായുധ പരിശീലനത്തിനുശേഷം മൊസൂളിൽ യുദ്ധമുഖത്തേക്ക് പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുന്നതു കണ്ട് മനം മടുത്താണ് നാട്ടിലേക്ക് മടങ്ങിയത്. 2016 ഒക്ടോബർ അഞ്ചിന് എൻ.ഐ.എ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി എ.പി. ഷൗക്കത്തലി കുറ്റപത്രം നൽകിയത്.

ചുമത്തിയ കുറ്റങ്ങളും ലഭിക്കാവുന്ന ശിക്ഷയും

 സഖ്യരാജ്യങ്ങളുമായി യുദ്ധം ചെയ്യൽ - ജീവപര്യന്തം തടവും പിഴയും

 ഗൂഢാലോചന - ജീവപര്യന്തം തടവും പിഴയും

 ഭീകര സംഘടനയിൽ അംഗമാവുക - ജീവപര്യന്തവും പിഴയും

 ഭീകര സംഘടനയിൽ മറ്റുള്ളവരെ അംഗമാക്കാൻ ശ്രമിക്കൽ - 10 വർഷം തടവും പിഴയും

 ഭീകര സംഘടനയ്ക്കു പിന്തുണയും സഹായവും നൽകൽ - 10 വർഷം തടവും പിഴയും