പോക്സോ കേസുകൾ: സയന്റിഫിക് അസിസ്റ്റന്റ് നിയമനം വേഗത്തിലാക്കണം

Saturday 26 September 2020 12:00 AM IST

കൊച്ചി: പോക്സോ കേസുകളിൽ വിചാരണ വേഗത്തിലാക്കാനായി ഫോറൻസിക് ലാബുകളിലെ സയന്റിഫിക് അസിസ്റ്റന്റുമാരുടെ നിയമനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫോറൻസിക് ലാബുകളിലെ ഒഴിവുകൾ നികത്തുന്നില്ലെന്നും പോക്സോ കോടതികളിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം വൈകുന്നെന്നും ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി (കെൽസ) നൽകിയ പൊതു താത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്താൻ കഴിയാത്തതാണ് നിയമനം വൈകാൻ കാരണമെന്ന് പി.എസ്.സി വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 17 പോക്സോ കോടതികളിൽ 14 എണ്ണത്തിലും സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിച്ചെന്ന് സർക്കാർ വിശദീകരിച്ചു. ശേഷിക്കുന്ന നിയമനം ഉടൻ ഉണ്ടാകുമെന്ന സർക്കാരിന്റെ ഉറപ്പും ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. തുടർന്ന് ഫോറൻസിക് ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് നിയമനത്തിനായി എന്തു ചെയ്യാൻ കഴിയുമെന്ന് ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

സയന്റിഫിക് ലാബുകളിൽ 64 ഒഴിവുകൾ നിലവിലുണ്ടെന്നും പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്തിട്ടും നിയമനം വൈകുന്നെന്നും കെൽസയുടെ ഹർജിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 8176 പോക്സോ കേസുകൾ കോടതികളിൽ തീർപ്പാകാതെയുണ്ടെന്നും കെൽസ ചൂണ്ടിക്കാട്ടി.