ഡി.എഫ്.ഒ യെ തടഞ്ഞുവെച്ച 6 യു.ഡി.എഫുകാർ അറസ്റ്റിൽ
Saturday 26 September 2020 12:33 AM IST
താമരശ്ശേരി : പരിസ്ഥിതിലോല മേഖല കരടു വിജ്ഞാപനത്തെച്ചൊല്ലിയുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ വിശദീകരണ യോഗത്തിനെത്തിയ കോഴിക്കോട് ഡി.എഫ്.ഒ എം.രാജീവനെ തടഞ്ഞുവെച്ച് കരിങ്കൊടി കാണിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. യു.ഡി.എഫ് പ്രാദേശിക നേതാക്കളായ അഡ്വ.ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, നിയാസ് ഇല്ലിപ്പറമ്പിൽ, ജസീൽ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സർക്കാർ ഉദ്യാഗസ്ഥന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. വ്യാഴാഴ്ച രാവിലെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്ന് യോഗം കഴിഞ്ഞിറങ്ങുമ്പോൾ ഗേറ്റിൽ നിന്ന പ്രതിഷേധക്കാർ ഡി.എഫ്.ഒ യെ തടഞ്ഞുവെക്കുകയായിരുന്നു.