ലൈഫ് എന്നുകേട്ടാൽ പിണറായിക്ക് ബീഭത്സരൂപം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് ബീഭത്സരൂപമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമർശനങ്ങളോട് മാനസികനില തെറ്റിയ ഏകാധിപതിയെ പോലെയാണ് പിണറായി വിജയൻ പ്രതികരിക്കുന്നത്. പാവങ്ങളുടെ വീടിനുള്ള പണത്തിൽ കമ്മിഷൻ അടിച്ചതിനെപറ്റി ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി തന്റെ നേരെ ഭീഷണി മുഴക്കിയത്.ലൈഫിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരെ വിരട്ടാൻ ശ്രമിച്ചത്. മാദ്ധ്യമപ്രവർത്തകരും പ്രതിപക്ഷ നേതാക്കളും സി.പി.എമ്മുകാരെപോലെ പഞ്ചപുച്ഛമടക്കി നിൽക്കുമെന്ന് പിണറായി കരുതേണ്ട. ലൈഫ് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അതിന്റെ പേരിൽ ഫയലുകൾ കൈയിൽ വെക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേരള പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ടെലിഫോൺ ചോർത്തുന്നുണ്ട്. ഇത് കേന്ദ്ര ഏജൻസികൾക്ക് മനസ്സിലായിട്ടുണ്ട്. എല്ലാ അഴിമതി ആരോപണങ്ങളുടെയും കുന്തമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് തിരിയുന്നത്. അഴിമതിയെയാണ് ബി.ജെ.പി എതിർക്കുന്നത്. ലൈഫിനെ എതിർക്കുകയാണെന്ന പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ആകെ അനുവദിച്ച 20 കോടിയിൽ ഒമ്പത് കോടിയും മുക്കിയ നാണംകെട്ട സർക്കാരാണിത്.കൊവിഡ് കാലമായത് പിണറായി വിജയന്റെ ഭാഗ്യം. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ ശക്തി മഹിളാമോർച്ച അദ്ദേഹത്തിന് കാണിച്ചുകൊടുക്കുമായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, വൈസ് പ്രസിഡന്റ് വി.ടി രമ, മഹിളാമോർച്ചാ സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം, സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു. ആർ.ബി ജില്ലാ ജനറൽ സെക്രട്ടറി ജയാരാജീവ് ,സന്ധ്യ ശ്രീകുമാർ എന്നിവർ സംസാരിച്ചു.