'ശ്രുതി തരംഗം' കാതുണർത്തി, ദേവസേന അച്ഛനെ വിളിച്ചു
തിരുവനന്തപുരം:''അനുകുട്ടിക്ക് അന്ന് സങ്കട ദിവസമായിരുന്നു. മലയാള പുസ്തകം കാണുന്നില്ല. വീട്ടിലെങ്ങും കാണുന്നില്ല. സങ്കടവുമായി സ്കൂളിലെത്തിയ അനുകുട്ടിയെ കണ്ട് ടീച്ചർ രാധാമ്മ ചോദിച്ചു..... (കഥ- എന്റെ ടീച്ചറമ്മ) ''പെരുമഴയും അതിന്റെ സംഗീതവും പുറത്ത് അരങ്ങേറുകയാണ്. വീട്ടിൽ നിന്ന് അതിമനോഹര ഗാനം കേട്ട് മഴ കൂടുതൽ താളം പിടിച്ചു. തുള്ളികൾ തറയിലടിച്ചാണ് താളം പിടിച്ചത്. വീട്ടിൽ നിന്നുയർന്ന ഗാനം ബിന്ദുമോളുടേതായിരുന്നു... (കഥ- ഓർമ്മകൾ)
നാലാം ക്ലാസുകാരി ലോക്ക് ഡൗൺ നാളുകളിൽ വീട്ടിലിരുന്ന് എഴുതിയതാണ്. കഥ എഴുതിയാൽ അമ്മ ആര്യാദേവിയുടെ പുറകെ നടക്കും. അമ്മ വായിച്ചാലേ സമാധാനമാകൂ. എഴുത്ത് മാത്രമല്ല, കിട്ടുന്നതെല്ലാം വായിക്കുകയും ചെയ്യും. വായനയിൽ മനസിനെ കീഴടക്കിയ നായിക ഹെലൻ കെല്ലർ!
ദേവസേന വളരുമ്പോൾ എന്താകുമെന്ന ഉൽക്കണ്ഠയിൽ വിധിയെ പഴിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു അച്ഛൻ അശോക്‌കുമാർ ഭട്ടതിരിക്കും അമ്മ ആര്യയ്ക്കും. ജനിച്ച് എട്ടു മാസം കഴിഞ്ഞപ്പോമനസിലായി - മകൾക്ക് കേൾവിയില്ല. 'അമ്മ'യെന്ന് കഷ്‌ടിച്ച് പറയും. എത്ര ശബ്ദം ഉണ്ടായാലും കുഞ്ഞ് സുഖമായി ഉറങ്ങി. പടക്കം പൊട്ടിയാലും കരയില്ല. സംശയമായി. കുട്ടിയെ ചികിത്സിക്കണമെന്ന് ബന്ധുവായ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കൃഷ്ണൻ നമ്പൂതിരി ഉപദേശിച്ചു. അങ്ങനെ 'നിഷി'ലെത്തി. ''പൊന്നുമകളുടെ വൈകല്യം അറിഞ്ഞപ്പോൾ ഞങ്ങൾ മരവിച്ചു പോയി.''- ആര്യാദേവി പറഞ്ഞു.
ചെങ്ങന്നൂർ പാണ്ടനാട് ചിത്രത്തൂർ മഠത്തിലെ അശോക്‌കുമാർ- ആര്യാദേവി ദമ്പതികളുടെ ഏകമകളാണ് ദേവസേന. ബംഗളൂരു ആനൈപാളയം അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു അശോക്‌കുമാർ.
'നിഷി'ലെ പരീശീലന ശേഷം സർക്കാരിന്റെ 'ശ്രുതി തരംഗം' പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റ് (ശ്രവണ സാഹായി) തലയ്ക്കുള്ളിൽ വച്ചു പിടിപ്പിച്ചു. '' പിന്നെ ഓരോ വാക്ക് പഠിപ്പിച്ചു. എന്നെ അച്ഛാ... എന്നു വിളിച്ചു ! ''- അശോക്‌കുമാർ ഭട്ടതിരി ആഹ്ലാദത്തോടെ പറഞ്ഞു. ദേവസേന പെട്ടെന്നു സാധാരണ കുട്ടികളെ പോലെയായി. പുസ്തക വായന ശീലമാക്കി. ബഷീറിന്റെ കഥകൾ വായിച്ച് പൊട്ടിച്ചിരിക്കും.
തിരുവനന്തപുരത്ത് പോത്തൻകോട് മടവൂർപ്പാറയ്ക്കടുത്ത് വാടകയ്ക്കാണ് താമസം. മേരി മാതാ ഇംഗീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
''എഴുത്തികാരിയാകണം. കഥകളും കവിതകളും എഴുതണം. എല്ലാത്തിലും തമാശ വേണം''- --ദേവസേന.