ക്യാമ്പുകളിലുള്ളവർക്ക് സംതൃപ്തി, എല്ലാ സഹായങ്ങളും നൽകും: മുഖ്യമന്ത്രി
പലരുടേയും വീടുകൾ തകർന്നതിനാൽ വെറുതെ മടങ്ങാനാകില്ല. അതിനാൽ തന്നെ വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഒരു കിറ്റ് നൽകിയാണ് മടക്കി അയയ്ക്കുന്നത്. വീടുകൾ പൂർണമായി തകർന്നവർക്ക് അത് പുനർനിർമിച്ച് നൽകേണ്ടതുണ്ട്. ഭാഗികമായി തകർന്ന വീടുകൾ അറ്റക്കുറ്റപ്പണിയും നടത്തേണ്ടതുണ്ട്. അതിനായിരിക്കും സർക്കാർ ഇനി മുൻഗണന നൽകുന്നത്. ഇത് സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം സംഹാരതാണ്ഡവമാടിയ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോഴഞ്ചേരി എ.ജി.എം ആഡിറ്റോറിയം, ആലപ്പുഴ ലിയോ സ്‌കൂൾ, എറണാകുളം നോർത്ത് പറവൂർ ഗ്രിഗോറിയസ് സ്‌കൂൾ, ചാലക്കുടിയിലെ പനമ്പിള്ളി മെമ്മോറിയൽ ഗവ.മെമ്മോറിയൽ കോളേജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ക്യാമ്പിനെ സംബന്ധിച്ച് ജനങ്ങൾ കാര്യമായ പരാതികൾ ഒന്നും ഉന്നയിച്ചില്ല. എന്നാൽ കൈവിട്ടുപോയ ജീവിതത്തെ കുറിച്ചുള്ള വേവലാതി അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. നഷ്ടങ്ങളെ കുറിച്ച് പറഞ്ഞ വീട്ടമ്മാരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ എല്ലാ കാര്യത്തിനും പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വീടുകളുടെ ശുചീകരണം സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ദുരിതബാധിതർക്ക് വേണ്ട അടിയന്തര സഹായങ്ങൾ അനുവദിക്കാമെന്ന് ഉറപ്പു നൽകി. ഓരോ ക്യാമ്പിലും 20 മിനിട്ടോളം മുഖ്യമന്ത്രി ചെലവിട്ടു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എം.എൽ.എ, കളക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.