അശ്ലീലം പോസ്റ്റു ചെയ്ത യുട്യൂബർക്ക് പെൺസംഘത്തിന്റെ അടി, കരി ഓയിൽ
തിരുവനന്തപുരം : യുട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തയാളെ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയും ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കലും ചേർന്ന് കൈയേറ്റം ചെയ്തു. വെള്ളായണി സ്വദേശി വിജയ് പി.നായർക്കെതിരെ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു കൈയേറ്റം. തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചശേഷം മർദ്ദിച്ച് മാപ്പും പറയിച്ചു.
മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ദിയ ലൈവായി പങ്കുവച്ചിരുന്നു. സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തിൽ സൂചന നൽകിയുമായിരുന്നു അശ്ളീല പരാമർശങ്ങൾ നടത്തിയത്. വീഡിയോകൾ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചു. ലാപ്ടോപും മൊബൈൽഫോണും പിടിച്ചെടുത്ത സ്ത്രീസംഘം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകി.