ജി.എസ്.ടി: ഏറ്റുമുട്ടലിൽ നിന്ന് സർക്കാർ പിൻവാങ്ങിയേക്കും
തിരുവനന്തപുരം: ജി.എസ്. ടി നഷ്ടപരിഹാര പ്രശ്നത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. സർക്കാർ ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്, വീണ്ടും ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്മാറുന്നതോടെ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പിൻമാറ്റമെന്നാണ് സൂചന. ഒക്ടോബർ അഞ്ചിന് നടക്കുന്ന ജി.എസ്. ടി കൗൺസിലിൽ വെടിനിറുത്തലുണ്ടായേക്കും.
ജി.എസ്.ടി കൗൺസിലിൽ കേന്ദ്രത്തിന് മൂന്നിലൊന്ന് വോട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും മറ്റ് ചില സംസ്ഥാനങ്ങളുടെയും പിന്തുണയോടെ കേന്ദ്രനിർദ്ദേശം തീരുമാനമാക്കാൻ കഴിയും. തുടക്കത്തിൽ, ഇതിനെതിരെ കേരളത്തോടൊപ്പം ആറ് ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത പോണ്ടിച്ചേരി കേന്ദ്രത്തിന്റെ ഒന്നാം ഓപ്ഷൻ സ്വീകരിച്ചു കഴിഞ്ഞു. ഓപ്ഷനുകൾ സ്വീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് അടുത്ത ജൂണിലേ നഷ്ടപരിഹാരം നൽകൂ. ഇത് കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
ഏപ്രിൽ മുതൽ 7000 കോടിയുടെ ജി.എസ്. ടി കുടിശികയുണ്ടെന്നാണ് കേരളം പറയുന്നത്. കേന്ദ്രമാകട്ടെ ജി.എസ്.ടി നഷ്ടപരിഹാരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിലുള്ളതെന്നും, ജി.എസ്.ടി നടപ്പിലാക്കിയത് വഴിയെന്നും രണ്ടായി തിരിച്ചു. ജി.എസ്. ടി വഴിയുള്ള 97,000 കോടി കേന്ദ്രം കടമെടുത്ത് തരുമെന്നും ബാക്കി തുക സംസ്ഥാനങ്ങൾക്ക് ആർ.ബി.ഐയിൽ നിന്ന് പ്രത്യേക വിൻഡോ വഴി വായ്പയെടുക്കാൻ ഏർപ്പാട് ചെയ്യുമെന്നുമാണ് വാഗ്ദാനം. രണ്ടാമത്തെ ഓപ്ഷൻ പ്രകാരം മുഴുവൻ തുകയും സംസ്ഥാനങ്ങൾ വായ്പയെടുക്കണം. ആദ്യ ഓപ്ഷൻ പ്രകാരം കേന്ദ്രം വായ്പയെടുത്തു തരുന്നതിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കും. നിലവിലുള്ള അഞ്ച് ശതമാനത്തിന് പുറമേ ഒരു ശതമാനം കൂടി കേന്ദ്രം അനുവദിച്ചാൽ 9000 കോടി രൂപ കൂടി കേരളത്തിന് അധിക വായ്പയെടുക്കാം. അതേസമയം, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ജി.എസ്.ടി വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് 28ന് സെമിനാറും നടത്തും.