ബിനീഷ് കോടിയേരിയോട് സ്വത്ത് വിവരം ചോദിച്ച് ഇ.ഡി

Saturday 26 September 2020 11:58 PM IST

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) ബിനീഷ് കോടിയേരിയോട് സ്വത്ത് വിവരങ്ങൾ തേടി. ഇതേ ആവശ്യമുന്നയിച്ച് റവന്യൂ ജില്ലാ രജിസ്‌ട്രാർമാർക്കും നോട്ടീസ് നൽകി. ക്രമക്കേട് കണ്ടെത്തിയാൽ കേസെടുക്കും.

സ്വർണക്കടത്ത് കേസിൽ ഈമാസം ഒമ്പതിന് ബിനീഷിനെ 12 മണിക്കൂർ ഇ.ഡി ചോദ്യംചെയ്‌തിരുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് അന്ന് ചോദിച്ചത്. ചോദ്യം ചെയ്യലിനുശേഷം ക്ളിൻചീറ്റ് നൽകിയിരുന്നില്ല.

സ്വത്ത് വിവരങ്ങളെക്കുറിച്ച് ബിനീഷ് വ്യക്തമായ മറുപടി നൽകാതിരുന്നതോടെയാണ് വിശദമായ അന്വേഷണത്തിന് ഇ.ഡി തീരുമാനിച്ചത്. ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്തിന് സാമ്പത്തികസഹായം നൽകിയെന്ന നർക്കോട്ടിക് കൺ‌ട്രോൾ ബ്യൂറോയുടെ സംശയത്തിന്റെ അട‌ിസ്ഥാനത്തിലാണ് ഇ.ഡി ബിനീഷിനെ ചോദ്യംചെയ്‌തത്. ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപും ബിനീഷും അടുത്ത സുഹൃത്തുക്കളാണ്.