ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ലീസ് കർഷകർക്ക് പട്ടയമില്ല

Sunday 27 September 2020 12:03 AM IST
വനത്തോട് ചേർന്ന് കിടക്കുന്ന ലീസ് കർഷകന്റെ ഭൂമി

സുൽത്താൻ ബത്തേരി: ലീസ് കർഷകർക്ക് പട്ടയം ഇന്നും അന്യം. ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പി​ച്ച് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി താമസിപ്പിച്ച ലീസ് കർഷകർക്കാണ് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂമിക്ക് പട്ടയം അനുവദിക്കാത്തത്.

2004 വരെ ലീസ് കർഷകരുടെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ പതിനാറ് വർഷമായി നികുതി അടയ്ക്കുന്നതും നിഷേധിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി കൈവശം വെച്ച് അനുഭവിച്ചുവന്ന ഭൂമിയിൽ കർഷകർക്ക് ഇന്ന് ഒരു അവകാശവുമില്ലാത്ത സ്ഥിതിയാണ്.

കാടിനോടും വന്യമൃഗങ്ങളോടും പകർച്ചവ്യാധികളോടും മല്ലടിച്ച് നാടിന്റെ പട്ടിണി മാറ്റിയ ലീസ് കർഷകന് മാറി മാറി വന്ന സർക്കാരുകൾ ഒരവകാശവും നൽകിയില്ല. കൈവശമുള്ള ഭൂമി സ്വന്തമാണന്നുള്ളതിന് യാതൊരു രേഖയുമില്ലാത്തതിനാൽ ലീസ് കർഷകർക്ക് ഒരു ആനുകൂല്യവും കിട്ടില്ല.

ജില്ലയിൽ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിലും മാനന്തവാടി താലൂക്കിലെ തിരുനെല്ലിയിലുമാണ് ഏറ്റവും അധികം ലീസ് കർഷകർ ഉള്ളത്. നൂൽപ്പുഴ പഞ്ചായത്തിൽ മാത്രമായി അറുനൂറോളം ലീസ് കർഷകരുണ്ട്. തൊണ്ടർനാട്, തൃശ്ശിലേരി, മേപ്പാടി എന്നിവിടങ്ങളിലുള്ള കർഷകരും പതിറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നൂൽപ്പുഴ കേന്ദ്രമായി നേരത്തെ ലീസ് കർഷകരുടെ ഒരു സമിതി നിലവിലുണ്ടായിരുന്നു. ഇവർ പട്ടയത്തിന് വേണ്ടി നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഒരു ഏക്കർ മുതൽ പത്ത് ഏക്കർ വരെ ഭൂമിയുള്ള കർഷകരായിരുന്നു നേരത്തെ ലീസ് കർഷകരിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഭൂമി വീതം വെച്ചും വിൽപ്പന നടത്തിയും പലരിലൂടെ കൈമറിഞ്ഞെങ്കിലും പട്ടയം മാത്രം ലഭിച്ചില്ല. ഭൂമികളിൽ പലതും വന്യജീവി സങ്കേതങ്ങളോട് ചേർന്ന് കിടക്കുന്നതിനാൽ ഇതിന് പട്ടയം അനുവദിക്കുന്നതിൽ വനം വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വനമേഖലയിൽ താമസിക്കുന്ന കർഷകരെ വനത്തിനുള്ളിൽ നിന്ന് പുറത്ത് മാറ്റി പാർപ്പിക്കാനുള്ള നടപടികളാണ് വനം വകുപ്പ് നടത്തി വരുന്നത്. വയനാട് വന്യ ജീവി സങ്കേതം നിലവിവിൽ വന്നപ്പോൾ വനമേഖലയയുടെ ഉള്ളിലുള്ളവരെ പുറത്ത് കൊണ്ട് വന്ന് മാറ്റി പാർപ്പിക്കാതെയാണ് സങ്കേതത്തിന്റെ അതിർ വരമ്പുകൾ നിശ്ചയിച്ചത്.

സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന്

സുൽത്താൻ ബത്തേരി: ലീസ് കർഷകർക്ക് പട്ടയം നൽകുക, പാട്ടകാലാവധി കഴിഞ്ഞ കുത്തകകളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ബത്തേരിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ബത്തേരി ചെട്ടി സർവ്വീസ് സൊസൈ​റ്റി ഹാളിൽ വെച്ചാണ് സമരപ്രഖ്യാപന കൺവെൻഷൻ. കൺവെൻഷനിൽ ലീസ് കർഷകരും ഭൂരഹികരും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ.കെ.രാജൻ, എ.എം.ഉദയകുമാർ, ടി.എൻ.സജിത്ത്, പി.ആർ.രവീന്ദ്രൻ, എ.ആർ.വിജയകുമാർ എന്നിവർ പങ്കെടുത്തു.