ഷോക്കേറ്റ് വീണ കൃഷ്ണപ്പരുന്തിന് രക്ഷകരായി അഗ്നിശമനസേന
Sunday 27 September 2020 12:56 AM IST
കൊല്ലം: വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീണ കൃഷ്ണപ്പരുന്തിന് അഗ്നിശമനസേന രക്ഷകരായി. ഇന്നലെ വൈകിട്ട് നാലരയോടെ കടപ്പാക്കട തീയേറ്ററിന് മുന്നിലെ റോഡിലാണ് പരുന്ത് ഷോക്കേറ്റ് പിടഞ്ഞുവീണത്. ഒരു ചിറക് കരിഞ്ഞ പരുന്തിനെ സംഭവമറിഞ്ഞെത്തിയ സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. രാത്രി ഷിഫ്ടിൽ ഡോക്ടർ എത്തുംവരെ പരുന്തിനെ സുരക്ഷിതമായി സൂക്ഷിക്കുന്ന കൂട്ടിലാക്കി. ആവശ്യമായ പഴവും മറ്റും നൽകി. സേനാംഗങ്ങളായ ഡൊമിനിക്. ഷാജി, ഷമീർ, സൈനി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ചിറകിന് നേരിയ പൊള്ളലും പരിക്കുമേറ്റതൊഴിച്ചാൽ പരുന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ഫയർഫോഴ്സ് വെളിപ്പെടുത്തി.