കൊവിഡ്: യു.എ.ഇയില്‍ ഇന്ന് ആശ്വാസദിനം, ലോക്ക് ഡൗണ്‍ പ്രചരണങ്ങൾ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

Sunday 27 September 2020 8:43 PM IST

അബുദാബി: യു.എ.ഇയില്‍ നാളുകളായി ഉയരുന്ന കൊവിഡ് ആശങ്കകള്‍ക്ക് അവസാനം കുറിക്കുന്ന കണക്കുകളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഇന്ന് 24 മണിക്കൂറിനുള്ളില്‍ 851 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ രാജ്യത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം തന്നെ രോഗമുക്തിയും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 868 പേരാണ് രോഗമുക്തി നേടിയത്. യു.എ.ഇയില്‍ ഇതുവരെ ആകെ മരണസംഖ്യ 412 ആണ്. രാജ്യത്ത് ആകെ 91,469 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 80,544 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും പോകുകയും ചെയ്തു. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ പരിശോധനാ നിരക്കും ഉയര്‍ത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 1,06,000 കൊവിഡ് പരിശോധനകളാണ് നടന്നിരിക്കുന്നത് എന്ന് യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയില്‍ 9.3 ദശലക്ഷം പരിശോധനകളാണ് രാജ്യത്തൊട്ടാകെ നടത്തിയിരിക്കുന്നത്.

രോഗബാധ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വീണ്ടും ഒരു ലോക്ക് ഡൗണ്‍ ഉണ്ടാകുമോ എന്ന തരത്തില്‍ നടന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.