ഇ ഗവേർണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയർ

Monday 28 September 2020 1:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന 'ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം' സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിലാണ് സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരത്തെ ചെമ്മരുതി പഞ്ചായത്തിലായിരിക്കും ആദ്യം സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ അനായാസം ഏകീകരിക്കാൻ സാധിക്കുമെന്നതാണിതിന്റെ നേട്ടം. ചെമ്മരുതി പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, പഞ്ചായത്ത് ഡയറക്ടർ ജയശ്രീ, ഐ.കെ.എം ഡയറക്ടർ ചിത്ര തുടങ്ങിയവർ പങ്കെടുക്കും.