'ഭാഗ്യലക്ഷ്മിയെപ്പോലെ ആയിരക്കണക്കിന് പെണ്ണുങ്ങൾ ഈ നാട്ടിലുണ്ടാകട്ടെ, ഞങ്ങൾക്കെല്ലാം വേണ്ടിയാണ് വിജയ് പി. നായരുടെ ചെവിക്കിട്ട് രണ്ടുകൊടുത്തത്': പിന്തുണയുമായി സുഗതകുമാരി
തിരുവനന്തപുരം: അശ്ലീലമടങ്ങിയ വീഡിയോ പോസ്‌റ്റ് ചെയ‌്ത യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷമിക്ക് പിന്തുണയുമായി കവയിത്രി സുഗതകമാരി രംഗത്ത്. ഭാഗ്യലക്ഷ്മിയെപ്പോലെ ആയിരക്കണക്കിന് പെണ്ണുങ്ങൾ ഈ നാട്ടിലുണ്ടാകട്ടെയെന്നും തങ്ങൾക്കെല്ലാം വേണ്ടിയാണ് വിജയ് പി. നായരുടെ ചെവിക്കിട്ട് രണ്ടുകൊടുത്തതെന്നും സുഗതകുമാരി പ്രതികരിച്ചു.
'ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. കേരളത്തിലെ സ്ത്രീകളുടെ അഭിനന്ദനം ഭാഗ്യലക്ഷ്മിയോട് മനസ്സുതുറന്ന് അറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. കാരണം ഞങ്ങൾക്കെല്ലാം വേണ്ടിയാണ് വിജയ് പി. നായരുടെ ചെവിക്കിട്ട് രണ്ടുകൊടുത്തത്. അതിൽ സന്തോഷമുണ്ട്. ഇത്രയ്ക്ക് ധിക്കാരമായിട്ടുള്ളത് പറയാൻ അയാൾക്ക് ധൈര്യംവന്നത് അമ്മപെങ്ങന്മാർ ഇല്ലാത്തതുകൊണ്ടാണ്. ഇവർക്കെതിരായിട്ട് പെൺമക്കൾ ഇറങ്ങണം. തിരിച്ചുകിട്ടും എന്നുണ്ടെങ്കിൽ ഇവരാരും ഇത്രയ്ക്ക് ധിക്കാരം കാണിക്കില്ല. പോലീസിനെ പേടിയില്ല, സർക്കാരിനെ പേടിയില്ല, നിയമത്തെ പേടിയില്ല, ഒന്നിനെയും പേടിയില്ല. പക്ഷേ, പെണ്ണുങ്ങൾ തിരിഞ്ഞുനിൽക്കും എന്നൊരു ശങ്ക മനസ്സിലുണ്ടായാൽ ഇവരുടെ ധിക്കാരം കുറയും. ഭാഗ്യലക്ഷ്മിയോട് ഒരിക്കൽക്കൂടി നന്ദി പറയുന്നു. ഭാഗ്യലക്ഷ്മിയെപ്പോലെ ആയിരക്കണക്കിന് പെണ്ണുങ്ങൾ ഈ നാട്ടിലുണ്ടാകട്ടെ'- സുഗതകുമാരിയുടെ വാക്കുകൾ.
വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ കേസെടുത്തിട്ടുണ്ട്. അതേസമയം, വിജയ് പി. നായർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇരു കൂട്ടർക്കുമെതിരെ സിറ്റി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. അതിക്രമിച്ച് കയറൽ, മർദ്ദനം തുടങ്ങിയ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപിക്കുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ എടുത്തുകൊണ്ടുപോവുകയും ചെയ്‌തെന്ന വിജയ് പി. നായരുടെ പരാതിയിലാണ് നടപടി. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണക്കുറ്റവും ചുമത്തി.
കൈയേറ്റത്തിനു പിന്നാലെ മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായർ ശനിയാഴ്ച രാത്രി നിലപാട് മാറ്റി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ മ്യൂസിയം, തമ്പാനൂർ സ്റ്റേഷനുകളിലായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ശാന്തിവിള ദിനേശ് തന്നെ അപകീർത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് നൽകിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് വിജയ് പി. നായരുടെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഘം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയതിനു മാപ്പുപറയിപ്പിക്കുകയും ചെയ്തു. കേസന്വേഷണം നടക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂർ സി.ഐ ബൈജു എ പറഞ്ഞു.