'സഞ്ജു ധോണിയാകേണ്ടതില്ല ഇന്ത്യൻ ക്രിക്ക‌റ്റിന്റെ സഞ്ജു സാംസൺ തന്നെയാകും'

Monday 28 September 2020 2:48 PM IST

ഇരുടീമുകളും റൺമല തീർത്ത രാജസ്ഥാൻ റോയൽസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് കുറിച്ച 224 റൺസ് വിജയലക്ഷ്യം താണ്ടാൻ രാജസ്ഥാനെ സഹായിച്ചത് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാ‌റ്രിംഗാണ്. രണ്ടാം മത്സരത്തിലും തിളങ്ങുന്ന പ്രകടനം കാഴ്‌ച വച്ച സഞ്ജു ഈ മത്സരത്തിലും മാൻ ഓഫ് ദ മാച്ച് ആയി.

സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യൻ ടീമിലേക്കുള‌ള മാർഗസൂചികയാണെന്ന് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ സൂചിപ്പിച്ചു. ഒപ്പം തിരുവനന്തപുരം എം.പിയായ ശശി തരൂരും.

ഇന്ത്യൻ ക്രിക്ക‌റ്റിലെ അടുത്ത ധോണിയാകാൻ കഴിവുള‌ളയാളാണ് സഞ്ജുവെന്ന് പതിനാലാം വയസിൽ സഞ്ജുവിനെ കുറിച്ച് താൻ പറഞ്ഞിട്ടുണ്ടെന്നായിരുന്നു തരൂറിന്റെ ട്വീ‌റ്റ്. ഇതിന് മറുപടിയായാണ് മുൻ ഇന്ത്യൻ ഓപ്പണറും ലോക്‌സഭാ എം.പിയുമായ ഗൗതം ഗംഭീർ 'സഞ്ജു ധോണിയാകേണ്ടതില്ല ഇന്ത്യൻ ക്രിക്ക‌റ്റിന്റെ സഞ്ജു സാംസൺ തന്നെയാകും' എന്ന് ഗംഭീർ അഭിപ്രായപ്പെട്ടത്.

സഞ്ജുവിന്റെ പ്രകടനവും തുടർന്ന് രാഹുൽ തേവാടിയയുടെ കൂറ്റനടികളും ചേർന്ന് മത്സരം രാജസ്ഥാന് അനുകൂലമാക്കി. ഓരോ മത്സര ശേഷവും സഞ്ജുവിന് പ്രോത്സാഹനം നൽകുന്നതിന് ഗൗതം ഗംഭീർ ഒട്ടും മടി കാണിച്ചിരുന്നില്ല.

ചെന്നൈ സൂപ്പർ കിങ്സുമായുള‌ള ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ 32 പന്ത് നേരിട്ട് നേടിയ 74 റൺസിന്റെ ബലത്തിൽ ടീം 216 റൺസ് നേടി. തുടർന്ന് ഫീൽഡിംഗിൽ രണ്ട് പേരെ സ്‌റ്റംപ് ചെയ്തും രണ്ട് ക്യാച്ചെടുത്തും മത്സരത്തിൽ സഞ്ജു ടീം വിജയത്തിലെത്താൻ നിർണായക സ്വാധീനം ചെലുത്തി. അന്ന് മികച്ച യുവ കളിക്കാരൻ എന്നാണ് സഞ്ജുവിനെ ഗംഭീർ പ്രകീർത്തിച്ചത്.