പ്രശസ്‌ത മനശാസ്‌ത്രജ്ഞൻ പി.എം. മാത്യു വെല്ലൂർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകർത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂർ(87) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലായിരുന്ന ഡോക്‌ടർ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികൾ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടർ മാത്യു വെല്ലൂർ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയിൽ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്.
കേരള സർവകലാശാലയിൽ നിന്ന് മനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് തിരുവനന്തപുരത്ത് കേരള സർക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളിൽ മേധാവിയായി.സർവ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡിറ്ററായും അദ്ദേഹം ജോലി നോക്കി.
കുടുംബജീവിതം, ദാമ്പത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങൾ,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നർമം എന്നീ മേഖലകളിലായി 20ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
സൂസി മാത്യുവാണ് ഡോ.പി.എം.മാത്യുവിന്റെ ഭാര്യ. ഡോ.സജ്ജൻ(ഒമാൻ), ഡോ.റേബ(ദുബായ്), ലോല(ദുബായ്) എന്നിവർ മക്കളും ഡോ.ബീനാ, ലാലു വർഗീസ്(ദുബായ്),മാമ്മൻ സാമുവേൽ(ദുബായ്) എന്നിവർ മരുമക്കളുമാണ്.
ഡോ. പി.എം.മാത്യു വെല്ലൂരിന്റെ സംസ്‌കാരം മാവേലിക്കര കരിപ്പുഴയിൽ നടക്കും.