മല്ലപ്പള്ളി താലൂക്കുതല അദാലത്ത്

Monday 28 September 2020 10:05 PM IST

പത്തനംതിട്ട- ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളി താലൂക്ക് തലപരാതിപരിഹാര അദാലത്ത് ഒക്ടോബർ 19ന് നടത്തും. കൊവിഡ് സാഹചര്യത്തിൽ ജില്ലാ കളക്ടർ കളക്ടറേറ്റിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നത്. ഇതിനായി മല്ലപ്പള്ളി താലൂക്കിലുള്ള അപേക്ഷകർക്ക് 29 മുതൽ ഒക്ടോബർ 3 ന് വൈകുന്നേരം അഞ്ചുവരെ മല്ലപ്പള്ളിയിലെ അക്ഷയകേന്ദ്രങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോൺ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോൺഫറൻസിന്റെ സമയം അപേക്ഷകരുടെ ഫോണിൽ സംരംഭകൻ അറിയിക്കും. തുടർന്ന് ഓരോ പരാതിക്കാരനും തങ്ങൾക്ക് നിർദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തിൽ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോൺഫറൻസിലൂടെ പൊതുജനങ്ങൾ ബോധിപ്പിക്കുന്ന പരാതികൾ ഇആപ്ലിക്കേഷൻ വഴി സമർപ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.