ലൈഫ് കോഴ: ഖാലിദ് വെറും ഡമ്മിയെന്ന് സി.ബി.ഐ

Tuesday 29 September 2020 12:03 AM IST

തിരുവനന്തപുരം: ഇരുപതു കോടിയുടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ 3.2 കോടിയുടെ ആദ്യഗഡു കോഴയായി കൈപ്പറ്റിയ യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് വെറും ഡമ്മിയാണെന്ന് സി.ബി.ഐ കരുതുന്നു. റെഡ്ക്രസന്റ് നൽകിയ തുക കരമന ആക്സിസ്ബാങ്കിൽ നിന്ന് പിൻവലിച്ച് ഡോളറാക്കി ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. ഇത്രയും തുക കോഴ നൽകാൻ, ഖാലിദിന് ഈ ഇടപാടിൽ കാര്യമായ റോളുണ്ടായിരുന്നില്ല. കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥയാണെന്നാണ് സംശയം.

2019 ജൂലായ്11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ആഗസ്റ്റ് മൂന്നിന് കോൺസുലേറ്ര് വാഹനത്തിലെത്തിയ ഖാലിദിന് കവടിയാറിൽ വച്ച് പണം കൈമാറിയെന്നാണ് യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എൻഫോഴ്സ്‌മെന്റിനോട് വെളിപ്പെടുത്തിയത്. എന്നാൽ സാമ്പത്തിക ക്രമക്കേടിന് ഖാലിദിനെ ജൂൺ 30നു കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നു. നയതന്ത്രപരിരക്ഷയില്ലാത്ത ഖാലിദ് ഇത്രയും പണവുമായി ആഗസ്റ്റ് അഞ്ചിന് രാജ്യം വിട്ടെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് സി.ബി.ഐ വിലയിരുത്തൽ.

യൂണിടാക് ഉടമയിൽനിന്ന് പണം സ്വീകരിക്കാൻ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നാണ് സംശയം. ആഗസ്റ്റ് 12ന് സ്വപ്നയെയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കി.

ഇതിനുശേഷമാണ് റെഡ്ക്രസന്റയച്ച രണ്ടാം ഗഡുവിൽ നിന്ന് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസൊമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75 ലക്ഷം രൂപ കോഴയെത്തിയത്. ഖാലിദും സ്വപ്നയും സരിത്തും ഈസമയം കോൺസുലേറ്റിൽ നിന്ന് പുറത്തായിരുന്നു. എന്നിട്ടും കോഴയിടപാട് കൃത്യമായി നടന്നു. കോഴപ്പണം വിദേശത്ത് കടത്താൻ ആക്സിസ് ബാങ്കിൽ നിന്ന് ഒരുകോടി രൂപ ഡോളറാക്കിയെടുത്തു. ഇതിന് ബാങ്ക്മാനേജർ ശേഷാദ്റിയുടെ സഹായം ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി.

ആക്സിസ്ബാങ്കിലെ മുൻജീവനക്കാരൻ മുഖേന കണ്ണൂമ്മൂലയിലെ സ്ഥാപനം വഴിയും കോൺസുലേ​റ്റിന് സമീപം മണിഎക്സ്‌ചേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീൺ, ഇടനിലക്കാരൻ അഖിൽ എന്നിവർ വഴിയും കോഴപ്പണം ഡോളറാക്കി. പണം നയതന്ത്റ ഉദ്യോഗസ്ഥരുടെ ബാഗിലൂടെയും വിദേശയാത്രാവേളയിലും കടത്തിയെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. സന്ദീപിന്റെയും സരിത്തിന്റെയും മൊഴികൾ ഇതിനു വിരുദ്ധമാണ്.

സി.ബി.ഐ ഉത്തരം തേടുന്നത്

 കോഴപ്പണം യു.എ.ഇയിലെത്തിച്ച് സ്വർണക്കടത്തിൽ മുടക്കിയിട്ടുണ്ടോ

 സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്ന ഒരുകോടി ആർക്കായി സൂക്ഷിച്ചത്

 അക്കൗണ്ടന്റിനെ മറയാക്കി തട്ടിയ കോഴപ്പണം ആർക്കൊക്കെ നൽകി

 സ്വ‌ർണം അയയ്ക്കാൻ ഖാലിദിന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയോ

ദുരൂഹത നിറഞ്ഞ ഖാലിദ്

കോൺസുലേറ്റിന്റെ പേരിൽ ഇയാൾ ആറ് ജീവകാരുണ്യ അക്കൗണ്ടുകൾ തുറന്ന് പ്രളയപുനർനിർമ്മാണത്തിന് യു.എ.ഇയിൽ പിരിച്ച പണമെത്തിച്ചു. ലൈഫിന് 20 കോടിയെത്തിയ അക്കൗണ്ടിൽ ദുരൂഹമായി 58 കോടിയെത്തി. നാലു കോടിയൊഴിച്ച് ബാക്കി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിൻവലിച്ചു. ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സ്വപ്നയും ചേർന്ന്.