വിനയന് വിലക്കില്ല: ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

Tuesday 29 September 2020 12:11 AM IST

ന്യൂഡൽഹി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്‌ക നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

വിലക്ക് നീക്കി ഫെഫ്‌ക അടക്കമുള്ളവർക്ക് പിഴ ചുമത്തിയ കോമ്പറ്റീഷൻ കമ്മീഷൻ ഉത്തരവ് ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചു.

ട്രേഡ് യൂണിയനായ ഫെഫ്‌ക കോമ്പറ്റീഷൻ ആക്ട് പരിധിയിൽ വരില്ലെന്ന വാദം കോടതി തള്ളി. പിഴത്തുകയിൽ കുറവ് വരുത്തണമെന്ന ആവശ്യം ഫെഫ്‌ക ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. താരസംഘടനയായ അമ്മ 4,00,065 രൂപ, ഫെഫ്‌ക 85,594 രൂപ, ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ 3,86,354 രൂപ, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ 56,661 രൂപ എന്നിങ്ങനെ പിഴ ഒടുക്കണം.

വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ മാർച്ചിൽ ശരിവച്ചിരുന്നു.