ഡോ.പി.എം. മാത്യു വെല്ലൂർ അന്തരിച്ചു

Tuesday 29 September 2020 12:14 AM IST

തിരുവനന്തപുരം: പ്രമുഖ മനഃശാസ്ത്ര ചികിത്സകനും എഴുത്തുകാരനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരും സർവ്വവിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന പ്ലാമൂട് ചാരാച്ചിറ സി.ആർ.എ -ഇ 8 'പാലയ്ക്കൽ താഴെ' വീട്ടിൽ ഡോ.പി.എം. മാത്യു വെല്ലൂർ (87) അന്തരിച്ചു. ഏറെ നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2 ന് മാവേലിക്കര കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായും അദ്ധ്യാപകനായും പ്രവർത്തിച്ച മാത്യു വെല്ലൂർ മനഃശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപരായിരുന്നു. സർവവിജ്ഞാനകോശത്തിൽ മനഃശാസ്‌ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം പ്രവർത്തിച്ചു. 1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്‌ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്‌ എന്ന സ്ഥാപനത്തിന്റെയും ഡയറക്‌ടറുമായിരുന്നു. തിരുവനന്തപുരത്തെ നർമ്മകൈരളിയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ്. ഭാര്യ: സൂസി മാത്യു. മക്കൾ:ഡോ. സജ്ജൻ, ഡോ. റേബാ, ലോല. മരുമക്കൾ: ഡോ .ബീന, ലാലുവർഗീസ്, മാമ്മൻ സാമുവൽ.