പ്ളസ് വൺ: നിരസിക്കപ്പെട്ട അപേക്ഷകർക്ക് സപ്ളിമെന്ററി അലോട്ട്മെന്റിൽ അവസരം

Tuesday 29 September 2020 12:00 AM IST

തിരുവനന്തപുരം: പ്ളസ് വൺ അലോട്ട്മെന്റിൽ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് സപ്ളിമെന്ററി അലോട്ട്മെന്റിൽ വീണ്ടും അവസരം നൽകും. അപേക്ഷയിലെ അപാകതകൾ തിരുത്താത്ത 1344 പേരുടെ അപേക്ഷകളാണ് നിരസിച്ചത്. ഒന്നും രണ്ടും അലോട്ട്മെന്റ് കഴിഞ്ഞതിനാൽ ഒക്ടോബർ 7 നുശേഷം നടക്കുന്ന സപ്ളിമെന്ററി അലോട്ട്മെന്റിൽ ഇവർക്ക് പോരായ്മകൾ തിരുത്താം. അതനുസരിച്ച് അലോട്ട്മെന്റ് നൽകും. ഒപ്പം, സേ പരീക്ഷ വിജയിക്കുന്നവരുടെ അലോട്ട്മെന്റും നടക്കും.

കഴിഞ്ഞ വർഷവും 1344 പേരുടെ അപേക്ഷകൾ മതിയായ വിവരങ്ങളില്ലാത്തതിനാൽ നിരസിച്ചിരുന്നു. ട്രയൽ അലോട്ട്മെന്റിന് മുമ്പ് രണ്ടു പ്രാവശ്യവും പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു പ്രാവശ്യവും അപാകതകൾ തിരുത്താൻ അവസരം നൽകിയിരുന്നു. എന്നിട്ടും തിരുത്താത്തവരുടെ അപേക്ഷകളാണ് നിരസിച്ചതെന്ന് പരീക്ഷാ കമ്മിഷണറുടെ ഓഫീസ് അറിയിച്ചു.

അപേക്ഷയിലെ തെറ്റ് തിരുത്താൻ ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ച സ്കൂളിലും ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരുന്നു. പഠിച്ച സ്കൂളുകളിൽ അദ്ധ്യാപകരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. അത് ചെയ്യാതെ, ഇന്റർനെറ്റ് കഫേകളെ ആശ്രയിച്ചതാണ് അപേക്ഷ നിരസിക്കാനിടയായത്. അലോട്ട്മെന്റ് തുടങ്ങിക്കഴിഞ്ഞാൽ തിരുത്താൻ അവസരം നൽകില്ല.