'പുതിയ ടി.സി.എസ് വ്യവസ്ഥ പിൻവലിക്കണം"

Tuesday 29 September 2020 3:57 AM IST

 നിർമ്മല സീതാരാമന് ജി.ജെ.സിയുടെ നിവേദനം

 വ്യവസ്ഥ നിലവിൽ വരുന്നത് ഒക്‌ടോബർ ഒന്നിന്

കൊച്ചി: ഒക്‌ടോബർ ഒന്നിന് നിലവിൽ വരുന്ന ഉറവിടത്തിൽ നിന്ന് നികുതി പിരിക്കുന്നത് (ടി.സി.എസ്) സംബന്ധിച്ച വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി)​ ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

1961ലെ ആദായ നികുതി നിയമം സെക്‌ഷൻ 206 സി പ്രകാരമുള്ള വ്യവസ്ഥകളാണ് കേന്ദ്രസർക്കാർ വിപുലീകരിച്ചത്. ഇതിലെ പുതിയ സെക്‌ഷൻ 206 സി (1 എച്ച്)​ പ്രകാരം മുൻ സാമ്പത്തിക വർഷം 10 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരികൾ 50 ലക്ഷം രൂപയ്ക്കുമേലുള്ള വില്പനയ്ക്ക് 0.1 ശതമാനം ടി.സി.എസ് ഈടാക്കണം.

എന്നാൽ,​ ഈ വ്യവസ്ഥ ലാഭത്തേക്കാൾ വലിയ നികുതിഭാരമാണ് സൃഷ്‌ടിക്കുന്നതെന്നും സ്വർണ വ്യാപാരമേഖലയെ ഇതു പ്രതിസന്ധിയിലാക്കുമെന്നും ജി.ജെ.സി ചെയർമാൻ എൻ. അനന്തപദ്മനാഭൻ,​ ദേശീയ ഡയറക്‌ടർ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.

വലയ്ക്കുന്ന

നികുതിഭാരം

പുതിയ നികുതി വ്യവസ്ഥ സൃഷ്‌ടിക്കുന്ന അധിക നികുതിഭാരം ഒരുദാഹരണത്തിലൂടെ നോക്കാം:

 ഒരു കിലോ സ്വർണത്തിന്റെ ഏകദേശ വില : ₹53 ലക്ഷം

 ഈ വിലയിൽ വ്യാപാരിയുടെ അറ്റ ലാഭ മാർജിൻ 0.05% : ₹2,​650

 നിലവിൽ നൽകുന്ന ആദായ നികുതി ലാഭത്തിന്റെ 30% : ₹795

 പുതിയ ടി.സി.എസ് വ്യവസ്ഥ പ്രകാരമുള്ള നികുതി സ്വർണവിലയുടെ 0.1 ശതമാനം : ₹5,​300

 വ്യാപാരിക്കുണ്ടാകുന്ന അധിക ബാദ്ധ്യത : ₹4,​505

പുതിയ ടി.സി.എസ് വ്യവസ്ഥ മൂലധന പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും വിപണി തകരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.