ഹൃദയം തൊട്ട് പറയാം
എന്താണ് ഹൃദയസ്തംഭനം ?
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതു മൂലം (സാധാരണ തോത് മിനിറ്റിൽ 60 - 100) രക്തയോട്ടം കുറയുന്ന അവസ്ഥ. കൃത്യമാായ രോഗലക്ഷണങ്ങൾ സംഭവിച്ചശേഷം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം.
# എന്തുകൊണ്ട്?
I. ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പെട്ടെന്ന് ബ്ലോക്ക് ഉണ്ടായി ഹൃദയാഘാതം സംഭവിക്കുന്നതാണ് കൂടുതലും. പ്രമേഹം, അമിത രക്തസമ്മർദം, വ്യായാമമില്ലായ്മ, പുകവലി, പാരമ്പര്യം, ഭക്ഷണരീതി, തെറ്റായ ജീവിതശൈലി എന്നിവ പ്രധാന കാരണങ്ങളാണ്.
2 മുമ്പ് ഹൃദയാഘാതം വന്നവരിലും ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞവരിലും ഹൃദയമിടിപ്പ് കൂടാം.
3 ഹൃദയവാൽവുകൾക്ക് ചുരുക്കം സംഭവിക്കുന്നത്.
4 ഹൃദയഭിത്തികൾക്ക് കട്ടികൂടുന്ന ഹൈ പെർട്രോഫിക് കാർഡിയോമയോപ്പതി
5 ജനിതകരോഗങ്ങൾ
# രോഗലക്ഷണങ്ങൾ
I നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിന് ഭാരമോ വേദനയോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗലക്ഷണമാകാം.
2 കണ്ണിൽ ഇരുട്ടുകയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നിവ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് ഇ.സി.ജി, ട്രെഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ ടെസ്റ്റ് എന്നിവ നടത്തുന്നത് ഉചിതമായിരിക്കും.
# ഫലപ്രദമായ ചികിത്സ ഉണ്ടോ?
ഹൃദയാഘാതമാണ് സംഭവിക്കുന്നതെങ്കിൽ കൊറോണറി രക്തധമനികളിലെ കട്ടപിടിച്ചരക്തം അലിയിക്കുന്ന ത്രോംബോളൈറ്റിക് ചികിത്സയോ എമർജൻസി ആൻജിയോപ്ലാസ്റ്റിയോ സ്വീകരിക്കാം. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതാണ് കാരണമെങ്കിൽ ഡെഫിബ്രിലേറ്റർ എന്ന ഉപകരണം ഉപയോഗിച്ച് നെഞ്ചിൽ കൃത്യമായി ഷോക്ക് കൊടുത്താൽ രോഗിയെ രക്ഷിക്കാം. ഹൃദയമിടിപ്പ് കുറഞ്ഞതാണെങ്കിൽ പേസ് മേക്കർ ഉപയോഗിച്ച് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ചികിത്സാരീതി.
ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ സ്ഥിരമായി സംഭവിക്കാൻ സാദ്ധ്യത ഉണ്ടെങ്കിൽ ഇംപ്ളാന്റബിൾ കാർഡിയോവെർട്ടെതെഫിബ്രിലേറ്റർ എന്ന ഉപകരണം സ്ഥിരമായി ഘടിപ്പിക്കാം. രോഗലക്ഷണമൊന്നുമില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ പ്രമേഹ, കൊളസ്ട്രോൾ പരിശോധന നടത്തുന്നത് ഉചിതം.
ഡോ. ഹർഷ ജീവൻ,
കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
എറണാകുളം