കൊവിഡിലും തല ഉയർത്തി

Tuesday 29 September 2020 12:52 AM IST

കൊച്ചി: ഐ.ടി കമ്പനികൾ വർക്ക് ഫ്രം ഹോം സമ്പ്രദായത്തിലേക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസിൽ റേറ്റിംഗ് ഇൻഫോപാർക്‌സ് കേരള നിലനിറുത്തി. 123 കോടി രൂപ ദീർഘകാല വായ്പാശേഷിയോടെ 'എ മൈനസ് സ്റ്റേബിൾ റേറ്റിംഗ്' ഇൻഫോപാർക്ക്‌സ് കേരളയ്ക്ക് ലഭിച്ചത് കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല തിരിച്ചടി നേരിടുന്ന കാലത്തും ഇൻഫോപാർക്‌സ് കേരളയുടെ പ്രവർത്തനമികവിന്റെ ഉദാഹരണമാണ് ക്രിസിൽ റേറ്റിംഗ്. ഇൻഫോപാർക്‌സ് കേരളയുടെ സാമ്പത്തിക ഭദ്രതയാണ് ക്രിസിൽ റേറ്റിംഗിലൂടെ വ്യക്തമാകുന്നതെന്ന് ഐ.ടി പാർക്‌സ് കേരള സി.ഇ.ഒ ശശി പി.എം പറഞ്ഞു.

കൊവിഡ് മൂലം ഇൻഫോപാർക്കിന് വാണിജ്യ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. പുതിയ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ചെറുകിട ഐ.ടി കമ്പനികളിൽ ചിലത് പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും അതിൽ കൂടുതലാണ് ആവശ്യക്കാർ എത്തുന്നുണ്ട്.സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പിന്തുണയാണ് ഇൻഫോപാർക്കിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് ക്രിസിൽ റേറ്റിംഗ് റിപ്പോർട്ട് വിലയിരുത്തുന്നു. വരുമാനത്തിലും ഇൻഫോപാർക്ക് ശക്തമായ നിലയിലാണ്. ഈവർഷം മാർച്ച് 30 വരെ 50 കോടി രൂപയാണ് ഇൻഫോപാർക്കിലേക്ക് എത്തിയത്.ഇൻഫോപാർക്കിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങൾ വാടകക്ക് നൽകി. 2019 ലേക്കാൾ രണ്ട് കോടി രൂപ അധികമാണ്. നികുതിക്ക് ശേഷമുള്ള ലാഭം 10 ശതമാനം വർദ്ധിച്ചതായി അധികൃതർ അറിയിച്ചു.