ഇരുന്നു കഴിക്കാൻ ആളില്ല: ഒഴിയാതെ പ്രതിസന്ധി

Tuesday 29 September 2020 1:05 AM IST

കൊച്ചി: ഹോട്ടലുകളിൽ എല്ലാവർക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയെങ്കിലും മേഖലയിലെ പ്രതിസന്ധി ഒഴിയുന്നില്ല. ഇരുന്ന് ഭക്ഷണം കഴിക്കാൻ ആളുകൾ ഇനിയും തയ്യാറായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെല്ലാം പാലിച്ചാണ് ഹോട്ടലുകൾ തുറന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായത്തിനാൽ കുടുംബത്തോടൊപ്പം പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കുന്നത് തിരിച്ചടിയായി.

സംസ്ഥാനത്ത് 60,000 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ കൂടാതെ രണ്ട് ലക്ഷത്തോളം ജീവനക്കാരുമുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിച്ച സമയത്ത് മുമ്പുണ്ടായിരുന്നതിന്റെ 20 ശതമാനത്തോളം വ്യാപാരം മാത്രമാണ് നടന്നിരുന്നത്. ഇരുന്നുകഴിക്കാൻ അനുമതി ലഭിച്ചതോടെ വ്യാപാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയപടിയാകാൻ സമയമെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.തൊഴിലാളികളുടെ ശമ്പളം, ജി.എസ്.ടി ഉൾപ്പെടെ നികുതികൾ, രജിസ്ട്രേഷൻ ഫീസുകൾ, വാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ കൊടുത്താൽ നടത്തിപ്പുകാർക്ക് മിച്ചമൊന്നുമിന്നില്ല. അസംസ്കൃത വസ്തുക്കൾക്ക് വില കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ സർക്കാർ സഹായം ലഭിച്ചാലേ ഹോട്ടൽ മേഖലയ്ക്ക് പിടിച്ചുനിൽക്കാനാകൂ. ഹോട്ടൽ മേഖലയെ സഹായിക്കാൻ കോമൺ കിച്ചൺ എന്ന ആശയം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻഡ് അസോസിയേഷൻ.

ആവശ്യങ്ങൾ

1. ചെറുകിട ഭക്ഷണ ഉത്പാദകരെ നിലനിറുത്താൻ സംവിധാനം ഒരുക്കണം

2. നികുതി ഇളവുകൾ അനുവദിക്കുക

3. കുറച്ച് മാസത്തേക്ക് നികുതികൾ ഒഴിവാക്കുക

4. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് നിയന്ത്രിക്കുക

" മുഴുവൻ ഹോട്ടലുകളെയും ഉൾപ്പെടുത്തി ചെറിയ കമ്മിഷൻ മാത്രം ഈടാക്കി നവംബർ മുതൽ ഓൺലൈൻ വ്യാപാരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. ഇത് മേഖലയിലെ നിലവിലെ പ്രതിസന്ധി കുറയ്ക്കുമെന്നാണ് പ്രതീക്ഷ."

ജി. ജയപാൽ

ജനറൽ സെക്രട്ടറി

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ