സ്വപ്നങ്ങളെല്ലാം വീണുടയുന്നു

Tuesday 29 September 2020 1:34 AM IST

കൊല്ലം: ചവറയിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം രാഷ്ട്രീയക്കാർക്ക് ഒരു ഇടിത്തീയായിരുന്നു. പക്ഷെ കൊവിഡ് വരുത്തിവച്ച ദുരിതകാലത്തിൽ നിന്ന് കരകയറാമെന്ന് സ്വപ്നം കണ്ടെിരുന്നവർ ഒത്തിരിയാണ്. ചുവരെഴുത്തുകാർ, മൈക്ക് സെറ്റുകാർ, ചെറിയ അച്ചടിശാലകൾ, പന്തൽ പണിക്കാർ, പാർട്ടി ഓഫീസുകൾക്ക് സമീപത്തെ തട്ടുകടക്കാർ ഇങ്ങനെ നീളുന്നു നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നവരുടെ പട്ടിക.

ഉപതിരഞ്ഞെടുപ്പ് സൂചന വന്നപ്പോൾ തന്നെ ചവറയിലെ ചുവരുകൾ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ബുക്ക് ചെയ്തു. വെള്ളയടിക്കാനും തുടങ്ങി. യു.ഡി.എഫുകാർ ഷിബുബേബി ജോൺ എന്ന് ചുവരുകളിൽ വർണാക്ഷരങ്ങളിൽ എഴുതാൻ തുടങ്ങുമ്പോഴാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. ഇതോടെ പുതിയ പരീക്ഷണങ്ങളടക്കം മനസിൽ സ്വപ്നം കണ്ട ചുവരെഴുത്തുകാർ നിരാശയിലായി.

തിര‌ഞ്ഞെടുപ്പായാൽ പിന്നെ പാർട്ടി ഓഫീസുകളിൽ എപ്പോഴും ആളും ബഹളവുമാണ്. നാടാകെ ബൂത്ത് ഓഫീസുകളും തുറക്കും. തൊട്ടടുത്തുള്ള തട്ടുകടക്കാർക്ക് പിന്നെ കോളാണ്. കമ്മിറ്റി കൂടുന്നതിന് മുൻപും പിരിഞ്ഞ ശേഷവും ചായകുടി, ഒപ്പം പലതരത്തിലുള്ള കടി. ഉച്ചയ്ക്ക് ഊണ്. മറ്റ് ജില്ലകളിൽ നിന്ന് വരുന്ന പാർട്ടി പ്രവർത്തകർക്ക് അത്താഴവും പ്രാതലും. കൊവിഡിനെ പേടിച്ച് ആളനക്കമില്ലാതെ തട്ടുകടക്കാരും ഹോട്ടലുകാരും ഇങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാണ്.

അനൗൺസ്‌മെന്റ് കലാകാരന്മാർ വീട്ടിൽ എക്കോയിട്ട് റിഹേഴ്സൽ തുടങ്ങിയിരുന്നു. മൈക്ക് സെറ്റുകാർ ബോക്സുകളും ആമ്പ്ളിഫെയറും പൊടിതട്ടി വൃത്തിയാക്കി തുടങ്ങി. ചെറിയ പ്രസുകാർ ചെറിയ അഭ്യർത്ഥനകളെങ്കിലും അച്ചടിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ഉപതിരഞ്ഞെടുപ്പ് തീരുമാനം നീളുന്നതോടെ ഇങ്ങനെ നൂറുകണക്കിന് പേരുടെ സ്വപ്നങ്ങൾ ചവറയിൽ പൊലിയുന്നുണ്ട്.