'ആദ്യം അയാളെയാണ് അടിക്കേണ്ടത്,പക്ഷേ ഞാൻ അത് ചെയ്തില്ല': ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി

Tuesday 29 September 2020 6:12 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം താമസസ്ഥലത്ത് ചെന്ന് മര്‍ദ്ദിച്ചത്. യൂട്യൂബില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു ഇത്. ആളെ വ്യക്തമായി മനസിലാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി തീര്‍ത്തും അധിക്ഷേപകരമായ ചില വീഡിയോകള്‍ ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.

സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മി കൗമുദി ടിവിയോട് പ്രതികരിച്ചു. 'ഞാൻ ഇറങ്ങിയത് പൊതു സമൂഹത്തിന് വേണ്ടിയാണ്.വ്യക്തിപരമായി എന്നെ മാത്രം അധിക്ഷേപിച്ചാണ് ശാന്തിവിള ദിനേശ് എന്നയാൾ യൂടൂബിൽ വീഡിയോ ഇട്ടിരിക്കുന്നത്.അടിക്കാൻ ആണെങ്കിൽ ആദ്യം അയാളെയാണ് അടിക്കേണ്ടത്. പക്ഷേ ഞാൻ അങ്ങോട്ട് അല്ല പോയത്. സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ പോയത്.അതിൽ എനിക്ക് സന്തോഷമുണ്ട്.അങ്ങനെ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ തളരുമായിരുന്നു.

യാതൊരു കേർട്ടസിയും ഇല്ലാത്ത സമൂഹത്തിന് വേണ്ടി എന്തിനാണ് നമ്മുടെ ജീവനും ജീവിതവും കൊണ്ട് പോയി പാഴാക്കികളയുന്നത് എന്ന് തോന്നി പോകുമായിരുന്നു. എന്നാൽ എനിക്കും ഈ പ്രവർത്തിക്കും സപ്പോർട്ട് ചെയ്തുള്ള ഈ സമൂഹത്തിന്റെ പ്രതികരണം എനിക്ക് കുറേ കൂടി ആത്മവിശ്വാസവും ശക്തിയുമാണ് നൽകിയിരിക്കുന്നത്'.