ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ആസ്ഥാന മന്ദിരം മുഴുവനായി വിനിയോഗിക്കാൻ ആലോചന
കൊല്ലം: ബൈപ്പാസിൽ കാവനാട്ട് അഷ്ടമുടിക്കായലോരത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കായി കണ്ടെത്തിയ ചൂരവിള ജോസഫ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ കെട്ടിടം പൂർണമായി വിനിയോഗിക്കാൻ ആലോചന. മന്ത്രിമാരായ കെ.രാജു, ജെ. മേഴ്‌സിക്കുട്ടിഅമ്മ എന്നിവർ സ്ഥലം സന്ദർശിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്.
വാടക കാര്യത്തിൽ നിർബന്ധം വേണ്ടെന്നാണ് തീരുമാനം. സി.ബി.എസ്.ഇ സ്‌കൂളിനായി നിർമ്മിച്ച കെട്ടിടത്തിന് 30,000 ചതുരശ്ര അടിയാണ് വിസ്തീർണം. ഇത്രയും സ്ഥലം സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമില്ലെന്നതിനാൽ ബാക്കി ഉടമസ്ഥർക്ക് വിട്ടുനൽകി കരാർ ഉണ്ടാക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചത്.
എന്നാലിത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് മുഴുവൻ സ്ഥലവും ഉപയോഗിക്കാൻ ആലോചിക്കുന്നത്. ധാരണാപത്രം ഇന്നോ നാളെയോ ഒപ്പിടും. മൂന്ന് വർഷത്തേക്കാണ് കരാർ. 500 ചതുരശ്ര അടിയിലേറെ വിസ്താരമുള്ളതും രണ്ട് കിടക്കകൾ ഉള്ളതുമായ ഒരു ഗസ്റ്റ് ഹൗസും കെട്ടിടത്തിലുണ്ട്. ക്ലാസ് മുറികളായി ക്രമീകരിച്ചിരുന്ന വലിയ മുറികൾ ഓഫീസ് ക്യാബിനുകളായി വേഗത്തിൽ മാറ്റാനുമാകും.
വിദൂര വിദ്യാഭ്യാസത്തിന് ആവശ്യമായ ഇടക്കാല ക്ലാസുകൾ ഒരുക്കാനും സൗകര്യമുണ്ട്. മുകൾ നിലയിലുള്ള ഓഡിറ്റോറിയത്തിൽ 700 പേർക്ക് ഇരിക്കാം. രണ്ട് ലിഫ്ടുകൾ ഉള്ളതിൽ ഒരെണ്ണമാണ് പ്രവർത്തിക്കുന്നത്. കേടായ ലിഫ്ടിൽ ഒരേസമയം 13 പേർക്ക് കയറാം. ഉദ്ഘാടനത്തിന് മുൻപ് ഈ ലിഫ്ടും പ്രവർത്തന സജ്ജമാക്കും. വാഹന പാർക്കിംഗിനും പ്രത്യേക സംവിധാനമുണ്ട്. മന്ത്രിമാർക്കൊപ്പം എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, എം. നൗഷാദ്, ജി.എസ്. ജയലാൽ, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു,
ഉദ്ഘാടനം ഒക്ടോബർ 2ന്
ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിട്ടാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ചെയ്യുക. ഒപ്പം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മന്ത്രിമാരും എം.എൽ.എമാരും പങ്കെടുക്കുന്ന പ്രത്യേക ചടങ്ങ് കെട്ടിടത്തിൽ നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.