സുധീർബാബു കൊലക്കേസ്: ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

Wednesday 30 September 2020 12:21 AM IST

കോഴിക്കോട്: പന്നിയങ്കര സ്വദേശി സുധീർ ബാബുവിനെ (31) കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ ഒന്നാം പ്രതി നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിന് (28) അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് അൻസാരിയെ (26) വെറുതെ വിട്ടു. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

കേസ്സിന് ആസ്പദമായ സംഭവം 2018 നവംബർ അഞ്ചിനാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ ആൾത്താമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ സുധീർ ബാബുവിന്റെ മൃതദേഹം പ്ളാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പന്നിയങ്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് നൗഫൽ അറസ്റ്റിലായത്. അൻസാരി

തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. വിവാഹസദ്യ ഒരുക്കുന്ന കാറ്ററിംഗ് ജോലിക്കാർക്കൊപ്പം കൂടുകയായിരുന്നു അവിടെ. പിന്നീട് കാറ്ററിംഗ് ജോലിയ്ക്ക് പാലക്കാട്ടെത്തിയപ്പോൾ നവംബർ 28 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നൗഫൽ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി‍യ ശേഷമാണ് സുധീർ ബാബുവിനെ കൊലപ്പെടുത്തിയത്. പയ്യാനക്കൽ ചക്കുംകടവിലെ സിക്കന്ദറിന്റെ മകനാണ് സുധീർ ബാബു.

ദൃക്‌സാക്ഷികൾ ആരുമില്ലാത്ത കേസിൽ 51 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.