ഉപ്പുവെള്ളത്തിൽ നിന്ന് മോചനം; പെരിഞ്ചേരി കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ്
വടകര: കൃഷിഭൂമിക്ക് ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷണവും നാടിന് കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്താൻ കുറ്റ്യാടി പുഴയിലെ പെരിഞ്ചേരി കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് നാളെ ശില പാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, ടി. പി രാമകൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. കൊയിലാണ്ടി-വടകര താലൂക്കുകളെ ബന്ധിപ്പിച്ച് ഗുളികൻപുഴ പാലത്തിന് 2 കിലോമീറ്റർ താഴെയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 68.36 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജലവിഭവ വകുപ്പിന്റെ നിർവഹണ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല. 61.13 കോടി രൂപയ്ക്ക് കൺസോർഷ്യം ഒഫ് ടിബിഎഎസ് ആൻഡ് ഇകെകെ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുരങ്കോടും ഗുളികപ്പുഴ പാലത്തിന് സമീപവുമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കും. വടകര നഗരസഭയിലും സമീപ പഞ്ചായത്തുകളായ വേളം, ചെറുവണ്ണൂർ എന്നിവിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് ഇല്ലാതാകും. ഉപ്പുവെള്ളം കയറി തുലാട്ടുനട, ആവളപാണ്ടി ഉള്‍പ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ കൃഷിസ്ഥലങ്ങളിലുള്ള നെൽകൃഷി നശിക്കുന്നതിന് പരിഹാര നടപടിയായി നാവിഗേഷൻ ലോക്കോടു കൂടിയ റെഗുലേറ്റർ കം- ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള റിപ്പോർട്ടാണ് ജലസേചന വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നത്.
സവിശേഷതകൾ
നിർദ്ദിഷ്ട പാലത്തിന്റെ നീളം 96 മീറ്ററാണ്. 12 മീറ്റർ വീതം നീളമുള്ള 6 സ്പാനുകളും 10 മീറ്റർ ക്ലിയർ സ്പാനുള്ള ലോക്കും ഉണ്ടായിരിക്കും. 6.5 മീറ്റർ വീതിയിൽ ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മിക്കും. ഇതിനായി ഇരുഭാഗത്തും 90 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ദുർബലമായ നദീതീരങ്ങളുടെ സംരക്ഷണത്തിനായി കോൺക്രീറ്റ്-കരിങ്കൽ ഭിത്തികളും പണിയും. 2 മീറ്റർ നീളമുള്ള 6 ഷട്ടറുകളും ലോക്ക് ഭാഗത്തായി 2 ഷട്ടറുകളും ഇതിലുണ്ട്. പൂർണ്ണമായും വൈദ്യുതിയിലാണ് ഷട്ടറുകൾ പ്രവർത്തിക്കുക. ഇതിനായി ജനറേറ്റർ സംവിധാനം ഒരുക്കും. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂർ പഞ്ചായത്തും കുറ്റ്യാടി മണ്ഡലത്തിലെ വേളം, തിരുവള്ളൂർ പഞ്ചായത്തും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്.