റെയിൽവേ സ്റ്റേഷനുകളിലും ഇനി യൂസേഴ്സ് ചാർജ്
കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളിലേത് പോലെ, എ വൺ കാറ്റഗറി റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ചാർജ് വരുന്നു. 10 മുതൽ 35 രൂപ വരെ ഈടാക്കി സ്റ്റേഷനുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഫസ്റ്റ് എ.സി, സെക്കൻഡ് എ.സി യാത്രക്കാർക്കായിരിക്കും 35 രൂപ.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജംഗ്ഷൻ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് നടപ്പാക്കുക. ഫലപ്രദമെന്നു കണ്ടാൽ എ കാറ്റഗറി സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിന് പരമാവധി പരിഗണന നൽകും. ശുചീകരണത്തിന് പ്രതിദിനം 45,000 മുതൽ 60,000 രൂപ വരെ ചെലവ് വരുന്നുണ്ട്.
ഫ്ളാറ്റ്ഫോം ടിക്കറ്റില്ലാതെ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നവരിൽ നിന്നു പിഴ ഈടാക്കി തുക കണ്ടെത്താനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ, പരിശോധന കടുപ്പിച്ചാൽ പ്ളാറ്റ്ഫോം ടിക്കറ്റെടുക്കാതെയുള്ള കടന്നുകയറ്റം ഇല്ലാതാവും. അതോടെ പ്രതീക്ഷിക്കുന്ന വരുമാനം നിലയ്ക്കും.